കാസര്‍കോട് (www.evisionnews.co): അടുക്കത്ത് ബയലില്‍ പട്ടാപ്പകല്‍ ക്വാര്‍ട്ടേഴ്സ് കുത്തിത്തുറന്ന് 15 പവന്‍ സ്വര്‍ണ്ണാഭരണവും പതിനായിരം രൂപയും മൊബൈല്‍ ഫോണും കവര്‍ന്നു.അടുക്കത്ത് ബയല്‍ ഗുഡ്ഡെ ടെമ്പിള്‍ റോഡിലെ പ്രഭാത് ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന പരപ്പ സ്വദേശിനി റുഖിയയുടെ മുറിയിലാണ് കവര്‍ച്ച നടന്നത്. റുഖിയയും രണ്ട് മക്കളുമാണ് ഇവിടെ താമസിക്കുന്നത്.
റുഖിയ വെള്ളിയാഴ്ച രാവിലെ 6.30ഓടെ സമീപത്തുള്ള ക്വാര്‍ട്ടേഴ്സ് ഉടമയുടെ വീട്ടില്‍ ജോലിക്ക് പോയിരുന്നു. മകള്‍ ഫാജിദ 10മണിയോടെ ക്വാര്‍ട്ടേഴ്സ് മുറി പൂട്ടി തയ്യല്‍ പരിശീലന ക്ലാസിന് പോയതായിരുന്നു. മറ്റൊരു മകള്‍ ഫൈറൂസ ബന്ധുവീട്ടിലായിരുന്നു. വൈകിട്ട് റുഖിയ എത്തിയപ്പോഴാണ് മുറിയുടെ വാതില്‍പ്പൂട്ട് പൊളിച്ച നിലയില്‍ കാണുന്നത്.അകത്തെ അലമാരയില്‍ സൂക്ഷിച്ച ആഭരണങ്ങളും പണവുമാണ് കവര്‍ന്നത്. പുറത്തുണ്ടായിരുന്ന കമ്പിപ്പാര ഉപയോഗിച്ചാണ് പൂട്ട് തകര്‍ത്തതെന്നാണ് കരുതുന്നത്. വിവരമറിഞ്ഞ് വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി.കാസര്‍കോട് എസ്.ഐ ഷാജി പട്ടേരിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. ക്വാര്‍ട്ടേഴ്സ് ഉടമയുടെ വീട്ടിലെ സി.സി.ടിവിയില്‍ മോഷ്ടാവിന്റേത് എന്ന് കരുതുന്ന ദൃശ്യം പതിഞ്ഞിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടന്നുവരുന്നു.

Post a Comment
0 Comments