കാസര്‍കോട് (www.evisionnews.co): പെരിയ ആയംപാറ ചെക്കിപള്ളത്തെ സുബൈദയെ (60) കൊലപ്പടുത്തിയ കേസിന്റെ വിചാരണാ നടപടിക്രമങ്ങള്‍ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നടന്നുവരുന്നതിനിടെ കേസിലെ മൂന്നാം പ്രതിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. അബ്ദുല്‍ അര്‍ഷാദിനാണ് ജാമ്യം ലഭിച്ചത്. ഈകേസിലെ രണ്ടാം പ്രതിയായ എം.എം അബ്ദുല്‍ അസീസ് മറ്റൊരു കേസുമായി ബന്ധപ്പെട്ട് സുള്ള്യ കോടതിയില്‍ ഹാജരാക്കി തിരിച്ചുവരുന്നതിനിടെ പൊലീസ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടിരുന്നു. അസീസ് രക്ഷപ്പെട്ടിട്ട് നാലുമാസം പിന്നിട്ടിട്ടും പ്രതിയെ ഇതുവരെ പിടികൂടാന്‍ പൊലീസിന് ഇനിയും കഴിഞ്ഞിട്ടില്ല.
പ്രതിരക്ഷപ്പെട്ടതിന് കാരണം ഗുരുതരമായ വീഴ്ച്ചയാണെന്ന് വകുപ്പുതല അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഉത്തരവാദികളായ പൊലീസ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തിരുന്നു. പൊലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അസീസിനെതിരെ കോടതി അറസ്റ്റു വാറണ്ട് പുറപ്പെടുവിക്കുകയും 2019 ഫെബ്രുവരി 23നകം ഹാജരാക്കണമെന്ന് നിര്‍ദേശിക്കുകയും ചെയ്തു. എന്നാല്‍ പൊലീസ് അന്വേഷണത്തില്‍ അസീസ് എവിടെയുണ്ടെന്നത് സംബന്ധിച്ച് യാതൊരു സൂചനയും ലഭിച്ചില്ല.
നാലു പ്രതികളുള്ള സുബൈദ വധക്കേസില്‍ ഇപ്പോള്‍ റിമാണ്ടില്‍ കഴിയുന്നത് രണ്ടു പ്രതികള്‍ മാത്രമാണ്. മധൂര്‍ പട്ട്ള കോട്ടക്കണിയിലെ കെ.എം അബ്ദുല്‍ ഖാദര്‍ (26), പട്ട്ള കുതിരപാടിയിലെ പി. അബ്ദുല്‍ അസീസ് എന്ന് ബാവ അസീസ് (23) എന്നിവരാണ് റിമാണ്ടിലുള്ളത്. 2018 ജനുവരി 19ന് ഉച്ചയോടെയാണ് സുബൈദയെ ചെക്കിപള്ളത്തെ വീട്ടില്‍ കൈകാലുകള്‍ ബന്ധിച്ച നിലയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. വാടകയ്ക്ക് ക്വാര്‍ട്ടേഴ്സ് അന്വേഷിച്ചെത്തിയ പ്രതികള്‍ തനിച്ച് താമസിക്കുകയായിരുന്ന സുബൈദയുടെ വീട്ടിലെത്തുകയും ഇക്കാര്യം സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടെ സുബൈദയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം അഞ്ചുപവന്‍ സ്വര്‍ണാഭരണങ്ങളുമായി രക്ഷപ്പെടുകയായിരുന്നുവെന്നാണ് കേസ്.

Post a Comment
0 Comments