കാസര്‍കോട് (www.evisionnews.co): എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ വ്യക്തിഹത്യ നടത്തിയെന്നാരോപിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീറിനെതിരെ കേസ്സെടുത്ത പോലീസ് നടപടി അത്യന്തം പ്രതിഷേധാര്‍ഹമാണെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ.അബ്ദുല്‍ റഹ് മാന്‍ പ്രസ്താവിച്ചു. പാര്‍ട്ടി കണ്‍വെന്‍ഷനില്‍ നടത്തിയ പ്രസംഗത്തില്‍ നിന്നും ചില ഭാഗങ്ങള്‍ മാത്രം അടര്‍ത്തിയെടുത്ത് സോഷ്യല്‍ മീഡിയകളില്‍ വന്ന വോയ്‌സ് ക്ലിപ്പിന്റെ പേരിലാണ് ചന്തേര പോലീസ് കേസെടുത്തിരിക്കുന്നത്. രാഷ്ട്രീയ പരമായ വിഷയത്തില്‍ സി.പി.എം നേതാക്കള്‍ കൈകൊണ്ട നിലപാട് വിശദീകരിച്ചത് വ്യക്തിഹത്യയെന്നാരോപിക്കുന്നത് പരിഹാസ്യമാണ്. കുത്തക സീറ്റില്‍ പരാജയം മണത്ത സി.പി.എം പോലീസിനെ ഉപയോഗിച്ച് യു.ഡി.എഫ് നേതാക്കളെ കള്ളക്കേസില്‍ കുടുക്കി നിര്‍വീര്യമാക്കാന്‍ ശ്രമിക്കുകയാണ്.
പെരിയ കല്യോട്ട് രണ്ട് യുത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തുന്നതിന് പ്രചോദനം നല്‍കുന്ന രീതിയില്‍ കൊല വിളി പ്രസംഗം നടത്തിയ സി.പി.എം നേതാവിനെതിരെയും ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രമ്യാ ഹരിദാസിനെതിരെ അശ്ലീല പദമുപയോഗിച്ച എല്‍.ഡി.എഫ് കണ്‍വീനര്‍ക്കെതിരെയും പരാതി നല്‍കിയിട്ടും ഇനിയും കേസെടുക്കാന്‍ തയാറാവാത്ത പോലീസിന്റെ ഇരട്ടനയം ഗുരുതരമായ പ്രത്യാഘാതം ക്ഷണിച്ച് വരുത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിനെതിരെ എടുത്ത കള്ളക്കേസ് പിന്‍വലിക്കാന്‍ പോലീസ് തയാറാവണം. അല്ലാത്തപക്ഷം ഭരണ സ്വാധീനം ഉപയോഗിച്ച് സി.പി.എം നടത്തുന്ന ഇരട്ട നീതിയെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും അബ്ദുല്‍ റഹ്മാന്‍ മുന്നറിയിപ്പു നല്‍കി.
Post a Comment
0 Comments