ഉദുമ (www.evisionnews.co): ഹൃദയസംബന്ധമായ അസുഖങ്ങളുള്ള പിഞ്ചുകുഞ്ഞിനെ ആംബുലന്‍സില്‍ റോഡ് മാര്‍ഗ്ഗം 5.15മണിക്കൂര്‍ കൊണ്ട് മംഗളൂരു ഫാദര്‍ മുള്ളര്‍ മെഡിക്കല്‍ കോളജില്‍ നിന്ന് കൊച്ചി ഇടപ്പള്ളി അമൃത ആസ്പത്രിയിലെത്തിച്ച് ജന്മനാട്ടില്‍ തിരിച്ചെത്തിയ ഉദുമ മുക്കുന്നോത്തെ ശിഹാബ് തങ്ങള്‍ സ്മാരക ആംബുലന്‍സ് ഡ്രൈവര്‍ ദേളിഹസ്സന് ശിഹാബ് തങ്ങള്‍ ചാരിറ്റി ട്രസ്റ്റ് ഭാരവാഹികളും പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് സ്വീകരണം നല്‍കി.
ഉദുമ ടൗണില്‍ നല്‍കിയ സ്വീകരണത്തില്‍ ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എ മുഹമ്മദലി, ട്രസ്റ്റ് ചെയര്‍മാന്‍ സത്താര്‍ മുക്കുന്നോത്ത്, ഗ്രാമപഞ്ചായത്ത് മെമ്പര്‍ ചന്ദ്രന്‍ നാലാംവാതുക്കല്‍ എന്നിവര്‍ ഷാളണിയിച്ചു. എം.എച്ച് മുഹമ്മദ് കുഞ്ഞി, ഷംസുദ്ദീന്‍ ഓര്‍ബിറ്റ്, ടി.കെ ഹസീബ്, കെ.എസ്.ഉബൈദ്, യാസര്‍ നാലാം വാതുക്കല്‍, വാസു മാങ്ങാട് സംബന്ധിച്ചു.
വിദ്യാനഗര്‍ പാറക്കട്ട സ്വദേശികളായ ഷാനിയ- മിത്താബ് ദമ്പതികളുടെ കുട്ടിയെയും കൊണ്ട് ചൊവ്വാഴ്ച രാവിലെ 11.15നാണ് ദേളി ഹസന്‍ മംഗലാപുരത്ത് നിന്ന് പുറപ്പെട്ടത്. ഫേസ് ബുക്കിലൂടെയും വാട്‌സ് ആപ് ഗ്രൂപ്പുകളിലൂടെയും പൊലീസ്, ആംബുലന്‍സ്, സന്നദ്ധ പ്രവര്‍ത്തകര്‍, ഓട്ടോ ഡ്രൈവര്‍മാര്‍ തുടങ്ങിയ നെറ്റ് വര്‍ക്കുകളിലൂടെയും കെ.എല്‍- 60 ജെ 7739 നമ്പര്‍ ആംബുലന്‍സിന് വഴിയൊരുക്കാന്‍ ആത്മാര്‍ത്ഥമായ ഇടപെടലുകള്‍ നടന്നിരുന്നു. ആംബുലന്‍സ് എത്തുന്നതിനും ഏറെ മുമ്പേ റോഡരികിലേക്ക് വാഹനങ്ങള്‍ ഒതുക്കി ജനംകുരുന്നിന്റെ ജീവനായി പ്രാര്‍ത്ഥിച്ചു.
ഉദ്വേഗഭരിതമായ മണിക്കൂറുകളിലൂടെയാണ് മംഗലാപുരം മുതല്‍ കൊച്ചി വരെയുള്ള പ്രധാന പാതകള്‍ കടന്നു പോയത്. കൃത്യം 4.30ന് ആംബുലന്‍സ് അമൃത ആസ്പത്രിയുടെ കവാടം കടന്നപ്പോള്‍ മലയാളികള്‍ ദീര്‍ഘ നിശ്വാസം പുറപ്പെടുവിച്ചു. കഴിഞ്ഞ വര്‍ഷം ഇബ്രാഹിം എന്ന രോഗിയെ മംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്ക ആംബുലന്‍സില്‍ എട്ടു മണിക്കൂര്‍ കൊണ്ട് ഹസ്സന്‍ എത്തിച്ചിരുന്നു. ഉദുമ മുക്കുന്നോത്തെ ദേളി അബ്ദുല്ലയുടെയും മറിയുമ്മയുടെയും മകനായ ഹസന്‍ എട്ടുവര്‍ഷമായി ആംബുലന്‍സ് ഓടിക്കുന്നു. ഭാര്യ: ഷഹര്‍ബാനു. രണ്ടര വയസുള്ള മുഹമ്മദ് ഫാസിന്‍ മകനാണ്.

Post a Comment
0 Comments