Type Here to Get Search Results !

Bottom Ad

തുളുനാടിനെ തെരഞ്ഞെടുപ്പിലേക്ക് ക്ഷണിച്ച് തെരുവ് നാടകം


കാസര്‍കോട് (www.evisionnews.co): തുളുനാടിനെ തെരഞ്ഞെടുപ്പിലേക്ക് ക്ഷണിച്ച് തുളുഭാഷാ തെരുവുനാടകം ശ്രദ്ധേയമായി. ജില്ലയിലെ മറ്റു മേഖലകളെ അപേക്ഷിച്ച് കുറവ് പോളിംഗ് രേഖപ്പെടുത്താറുള്ള മഞ്ചേശ്വരം, കാസര്‍കോട് നിയോജക മണ്ഡലങ്ങളിലെ മേഖലയിലെ ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിന് സ്വീപിന്റെ നേതൃത്വത്തിലാണ് പ്രാദേശിക ഭാഷയില്‍ തെരുവുനാടകം തയാറാക്കിയത്. 

വോട്ടു ചെയ്യുന്നതിന്റെ ആവശ്യകത പ്രതിപാദിക്കുന്ന നാടകം തുളു, കന്നഡ ഭാഷകള്‍ ഉള്‍പ്പെട്ട പ്രദേശിക സംസാരഭാഷയിലാണ് സംവിധാനം ചെയ്തത്. 'നമ്മ മതദാന നമ്മ ഹക്കു' (എന്റെ വോട്ട് എന്റെ അവകാശം) എന്ന ഈ തെരുവ് നാടകം പെര്‍ള, കുമ്പള, കാസര്‍കോട് സിവില്‍ സ്റ്റേഷന്‍, കൈക്കമ്പ, ഹൊസങ്കടി എന്നിവടങ്ങളിലാണ് അവതരിപ്പിച്ചത്. തുടര്‍ ദിവസങ്ങളില്‍ മറ്റു പ്രദേശങ്ങളിലും നാടകം അവതരിപ്പിക്കും. അടിമത്തം അടിച്ചേല്‍പ്പിച്ച കൊളോണിയല്‍ കാലഘട്ടത്തില്‍ നിന്നും ജനാധിപത്യ വ്യവസ്ഥയിലേക്ക് കടന്നു വന്ന രാജ്യത്തിന്റെ ഭൂതകാല സ്മരണകള്‍ ഓര്‍മ്മപ്പെടുത്തിയ നാടകം ജനാധിപത്യക്രമത്തില്‍ വോട്ടു ചെയ്യുന്നതിന്റെ പ്രാധാന്യം പ്രേക്ഷകരോട് വിളിച്ചു പറഞ്ഞു. 

കുമ്പളയില്‍ അവതരിപ്പിച്ച നാടകത്തിലേക്ക് ജില്ലാ കലക്ടറും പൊതുതെരഞ്ഞെടുപ്പ് നിരീക്ഷകനും കൂടി കടന്നുവന്നതോടെ വന്നതോടെ നാട്ടുകാരിലും കൗതുകമുണര്‍ത്തി. പശ്ചാത്തലത്തില്‍ മുഴങ്ങിയ സതീഷ് പട്‌ളയുടെ യക്ഷഗാന സംഗീതം നാടകത്തെ ഹൃദ്യമാക്കി. കോട്ടക്കാര്‍ ജ്ഞാനദീപ കലാ സാംസ്‌കാരിക സമിതിയുടെ കലാകാരന്മാരായ പി. നാരായണന്‍, കീര്‍ത്തിപ്രഭ, കെ. സൂര്യനാരായണന്‍, കെ.വി കിരണ്‍, കെ. പ്രജ്വല്‍, നിതേശ് എന്നിവരാണ് നാടകം അവതരിപ്പിച്ചത്. സ്വീപ് നോഡല്‍ ഓഫീസര്‍ മുഹമ്മദ് നൗഷാദ് നാടകത്തിന്റെ രചന നിര്‍വഹിച്ചു. പി. നാരായണന്‍ തുളുവിലേക്ക് മാറ്റിയെഴുതി.

കുമ്പള ബസ് സ്റ്റാന്റ് പരിസരത്ത് സംഘടിപ്പിച്ച നാടകം ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത് ബാബു ഉദ്ഘാടനം ചെയ്തു. പൊതുതെരഞ്ഞെടുപ്പ് നിരീക്ഷകന്‍ എസ്. ഗണേഷ് മുഖ്യാതിഥിയായി. സ്വീപ് നോഡല്‍ ഓഫീസര്‍ മുഹമ്മദ് നൗഷാദ്, മറ്റു തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ തെരുവു നാടകം നിയന്ത്രിച്ചു. സിവില്‍ സ്റ്റേഷനില്‍ തെരുവ് നാടകം എ.ഡി.എം സി. ബിജു ഉദ്ഘാടനം ചെയ്തു. ഹുസുര്‍ ശിരസ്തദാര്‍ നാരായന്‍ അഭിനേതാക്കള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു.

Post a Comment

0 Comments

Top Post Ad

Below Post Ad