കാസര്‍കോട് (www.evisionnews.co): തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കാസര്‍കോട് മണ്ഡലത്തില്‍ ബി.ജെ.പി- സി.പി.എം തമ്മിലുള്ള രഹസ്യധാരണ സംബന്ധിച്ച് ആരോപണം ഉയരുന്നതിനിടെ എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ സംഘ് പരിവാറിന്റെ സാന്നിധ്യം വിവാദമാകുന്നു. കഴിഞ്ഞ ദിവസം ബദിയടുക്കയില്‍ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയുടെ ഭാഗമായി നടന്ന എല്‍.ഡി.എഫ് റോഡ് ഷോയുമായി ബന്ധപ്പെട്ടാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്.
റോഡ് ഷോയില്‍ ബി.ജെ.പി പ്രവര്‍ത്തകനും അറിയപ്പെടുന്ന സംഘ് പരിവാര്‍ നേതാവുമായ ചന്ദ്രബാബുവിന്റെ ജീപ്പില്‍ സി.പി.എം സ്ഥാനാര്‍ത്ഥി കെ.പി സതീഷ് ചന്ദ്രനെ ആനയിച്ച് കൊണ്ടുപോയതാണ് പാര്‍ട്ടിയിലെ തന്നെ ഒരുവിഭാഗത്തെ ചൊടിപ്പിച്ചത്. സ്ഥാനാര്‍ത്ഥിയെ ആനയിച്ച ജീപ്പ് ഓടിച്ചതും ചന്ദ്രബാബുതന്നെയായിരുന്നു. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ബദിയടുക്ക പഞ്ചായത്തിലെ പത്താം വാര്‍ഡില്‍ നിന്നും മത്സരിച്ചിരുന്നു. ആ തെരഞ്ഞെടുപ്പിലും അതിനു മുമ്പും ബി.ജെ.പി സ്ഥാനാര്‍ത്ഥികളുടെ പ്രചാരണത്തില്‍ മുന്നിലുണ്ടായിരുന്ന വാഹനമാണ് കഴിഞ്ഞ ദിവസം സിപിഎം റോഡ് ഷോയില്‍ മുന്നില്‍ പ്രത്യക്ഷപ്പെട്ടത്.
കാസര്‍കോട്ട് ബി.ജെ.പി. സി.പി.എം രഹസ്യ ധാരണയും വോട്ടുമറിക്കല്‍ സാധ്യതയും വലിയ രീതിയില്‍ ചര്‍ച്ചചെയ്യുന്ന സാഹചര്യത്തിലാണ് സിപിഎം സ്ഥാനാര്‍ത്ഥിയുടെ റോഡ് ഷോയില്‍ ആര്‍എസ്എസുകാരന്റെ സാന്നിധ്യം പുറത്തായത്. അതേസമയം ബദിയടുക്കയിലും പരിസര പ്രദേശങ്ങളിലും മുസ്ലിം യുവാക്കളെ പാര്‍ട്ടിയിലേക്ക് അടുപ്പിക്കാന്‍ ശ്രമം നടക്കുന്നതായും ആരോപണം ഉയര്‍ന്നിരുന്നു. ഇതിനിടയിലാണ് സിപിഎമ്മിനും ഇടതുമുന്നണിക്കും തിരിച്ചടിയായി പുതിയ വിവാദം ഉയര്‍ന്നുപൊങ്ങിയിരിക്കുന്നത്.
Post a Comment
0 Comments