Type Here to Get Search Results !

Bottom Ad

സുരേന്ദ്രന്‍ പത്തനംതിട്ടയില്‍: കാസര്‍കോട്ട് ബി.ജെ.പിക്ക് വേണ്ടി കൃഷ്ണദാസിനെ രംഗത്തിറക്കും


കാസര്‍കോട് (www.evisionnews.co): കാസര്‍കോട് മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി സംബന്ധിച്ച ചര്‍ച്ചയും അന്തിമമായില്ല. കഴിഞ്ഞ തവണ ബി.ജെ.പിയെ പ്രതിനിധീകരിച്ച കെ. സുരേന്ദ്രനെ പത്തനംതിട്ടയിലേക്ക് പരിഗണിച്ചതോടെ കാസര്‍കോട്ടേക്ക് ആരെന്ന ചര്‍ച്ച നീളുകയാണ്. മുതിര്‍ന്ന നേതാവ് പി.കെ കൃഷ്ണദാസിനാണ് മുന്തിയ പരിഗണനയുള്ളത്. അതേസമയം ജില്ലാ പ്രസിഡന്റ് അഡ്വ. കെ ശ്രീകാന്തിന്റെ പേരും പരിഗണനയിലുണ്ട്. ഒരു തവണ കാസര്‍കോട്ട് ബി.ജെ.പിയെ പ്രതിനിധീകരിച്ചയാളാണ് കൃഷ്ണദാസ്. തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍ എന്നിവയോടൊപ്പം ബി.ജെ.പി ശ്രദ്ധ കേന്ദ്രീകരിക്കുന്ന പ്രധാന മണ്ഡലം കൂടിയായ കാസര്‍കോട്ട് സമര്‍ത്ഥനും പയറ്റിത്തെളിഞ്ഞതുമായ നേതാവിനെ രംഗത്തിറക്കാനാണ് നേതൃത്വത്തിന്റെ തീരുമാനം.

അതേസമയം, കോണ്‍ഗ്രസിലും സ്ഥാനാര്‍ത്ഥി ചര്‍ച്ച എവിടെയുമെത്തിയില്ല. ശനിയാഴ്ചയോടെ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. യുവനേതാവ് പി.സി വിഷ്ണുനാഥിനെ കാസര്‍കോട്ട് രംഗത്തിറക്കാനാണ് കോണ്‍ഗ്രസിനുള്ളില്‍ ചര്‍ച്ചകള്‍ മുറുകുന്നത്. നേരത്തെ കാസര്‍കോട് മണ്ഡലത്തെ പ്രതിനിധീകരിച്ച രാമറൈയുടെ മകന്‍ അഡ്വ. സുബ്ബയ്യറൈയുടെ പേരും മുന്തിയ പരിഗണനയുള്ള പേരുകളില്‍ ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. കഴിഞ്ഞ തവണ ഇടതുസ്ഥാനാര്‍ത്ഥിയായി വിജയിച്ച പി. കരുണാകരനെതിരെ ബലാബലം മത്സരം കാഴ്ചവെച്ച ടി. സിദ്ദീഖ്, എ.പി അബ്ദുല്ലക്കുട്ടി എന്നിവരുടെ പേരുകളും ചര്‍ച്ചയിലുണ്ട്. ഇടതു സ്ഥാനാര്‍ത്ഥിയായി സിപിഎമ്മിലെ പുതുമുഖമായി കെ.പി സതീഷ് ചന്ദ്രനെ രംഗത്തിറക്കിയതോടെയാണ് യുവനേതാവിനെ ഇറക്കി മണ്ഡലം പിടിക്കാമെന്ന് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നത്.

Post a Comment

0 Comments

Top Post Ad

Below Post Ad