കാസര്‍കോട് (www.evisionnews.co): പെരിയയില്‍ കൊല്ലപ്പെട്ട ശരത് ലാലിന്റെയും കൃപേഷിന്റെയും വീടുകള്‍ സന്ദര്‍ശിക്കുന്നതിനായി രാഹുല്‍ ഗാന്ധി ഉച്ചക്ക് ഒന്നരയോടെ കല്യോട്ട് എത്തിച്ചേരും. എസ്.പി.ജിയുടെയും ജില്ലാ പോലീസിന്റെയും നേതൃത്വത്തില്‍ വന്‍ സുരക്ഷയാണ് പെരിയിലും പരിസരങ്ങളിലും ഏര്‍പ്പെടുത്തിയിട്ടുള്ളത്. പാസ് അനുവദിക്കപ്പെട്ടവര്‍ക്ക് മാത്രമാണ് കല്യോട്ടേക്ക് പ്രവേശനം അനുവദിക്കുക.
തൃശൂരില്‍ നിന്നും ഉച്ചയ്ക്ക് ഒരുമണിയോടെ കണ്ണൂര്‍ വിമാനത്താവളത്തിലേക്കാണ് രാഹുലിനെയും വഹിച്ചുള്ള ഹെലികോപ്ടര്‍ ആദ്യം എത്തുക. അവിടെ കണ്ണൂര്‍ മട്ടന്നൂരില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഐബിന്റെ ബന്ധുക്കളെ കണ്ട ശേഷമാണ് പെരിയയിലെത്തുക. ഉച്ചയ്ക്ക് 1.30മണിക്ക് പെരിയ കേന്ദ്ര സര്‍വ്വകലാശാല ഹെലിപ്പാഡില്‍ ഇറങ്ങുന്ന രാഹുലിനെ ഡി.സി.സി പ്രസിഡണ്ട് ഹക്കീം കുന്നില്‍, അഡ്വ. സി കെ ശ്രീധരന്‍, യു ഡി എഫ് ചെയര്‍മാന്‍ എം സി ഖമറുദ്ദീന്‍ തുടങ്ങിയ നേതാക്കള്‍ ചേര്‍ന്ന് സ്വീകരിച്ച ശേഷം അമ്പതോളം വാഹനങ്ങളുടെ അകമ്പടിയോടെ കാര്‍ മാര്‍ഗമാണ് 10കിലോമീറ്ററോളം സഞ്ചരിച്ച് കല്യോട്ട് എത്തുക.
ആദ്യം കൃപേഷിന്റെ വീട്ടിലെത്തുന്ന രാഹുല്‍ 10 മിനുട്ട് നേരം ബന്ധുക്കളെ ആശ്വസിപ്പിച്ച ശേഷം ശരത്ത് ലാലിന്റെ വീട്ടിലേക്ക് പോകും. രാഹുലിന്റെ കൂടെ കെ പി സി സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി തുടങ്ങിയവര്‍ ഉണ്ടാകും. ഡിസിസി ജനറല്‍ സെക്രട്ടറി ബാലകൃഷ്ണന്‍ പെരിയയുടെ നേതൃത്വത്തിലാണ് കൃപേഷിന്റെ വീട്ടില്‍ രാഹുലിനെ സ്വീകരിക്കുക. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട് ഡീന്‍ കുര്യാക്കോസ്, കോണ്‍ഗ്രസ് സംസ്ഥാന നേതാക്കളായ ഹൈബി ഇഡന്‍ എം.എല്‍.എ, ശാസ്താംകോട്ട സുധീര്‍, എസ്‌സി സഞ്ജയ് ഖാന്‍, ഷാജി നൂറനാട്, ജെബി മേത്തര്‍ തുടങ്ങിയവരും അവിടെ എത്തിയിട്ടുണ്ട്. ശരത്ത് ലാലിന്റെ വീട്ടിലും ഡിസിസി നേതാക്കളുടെ നേതൃത്വത്തില്‍ രാഹുലിനെ സ്വീകരിക്കും.
Post a Comment
0 Comments