കാസര്‍കോട് (www.evisionnews.co): പെരിയ കല്ല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത് ലാല്‍ എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരാളെ കൂടി ക്രൈംബ്രാഞ്ച് സംഘം അറസ്റ്റു ചെയ്തു. കണ്ണോത്തെ പെയിന്റിങ് തൊഴിലാളി രഞ്ജിത്ത് (29) ആണ് അറസ്റ്റിലായത്. കൊലചെയ്യപ്പെട്ട ദിവസം ശരത് ലാലും കൃപേഷും ബൈക്കില്‍ പോകുന്നുണ്ടെന്ന വിവരം കൈമാറിയത് രഞ്ജിത്താണെന്ന സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് അറസ്റ്റ്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഒമ്പതായി.
ഘാതക സംഘത്തിന് ഇയോണ്‍ കാറില്‍ രക്ഷപ്പെടാന്‍ സഹായം നല്‍കിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് തന്നിത്തോട് സ്വദേശിയായ മുരളിയെ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. സി.പി.എം മുന്‍ പെരിയ ലോക്കല്‍ കമ്മിറ്റി അംഗം എ.പീതാംബരന്‍, ഏച്ചിലടുക്കത്തെ സജി ജോര്‍ജ്, ഏച്ചിലടുക്കം ചപ്പാരപ്പടവ് സ്വദേശി കെ.എം സുരേഷ്, ഏച്ചിലടുക്കത്തെ ഓട്ടോ ഡ്രൈവര്‍ കെ. അനില്‍കുമാര്‍, കുണ്ടംകുഴി മലാങ്കാട്ടെ എ. അശ്വിന്‍, കല്ല്യോട്ട് പ്ലാക്കത്തൊട്ടിയിലെ ജീപ്പ് ഡ്രൈവര്‍ ശ്രീരാഗ് എന്ന കുട്ടു, പെരിയ കാഞ്ഞിരടുക്കത്തെ ഗിജിന്‍ എന്നിവരെ ഈകേസില്‍ ആദ്യം അന്വേഷണം നടത്തിയ പൊലീസ് അറസ്റ്റു ചെയ്തിരുന്നു.
കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരും ഗൂഢാലോച നടത്തിയവരും അടക്കം ഇനിയും കേസില്‍ നിരവധി പ്രതികള്‍ പിടിയിലാകാനുണ്ട്. അതേസമയം പെരിയ ഇരട്ടക്കൊലക്കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യത്തില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കുടുംബങ്ങളും യു.ഡി.എഫും ഉറച്ചുനില്‍ക്കുകയാണ്. ഫെബ്രുവരി 17ന് രാത്രിയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും ശരത് ലാലും കൊല്ലപ്പെട്ടത്.
Post a Comment
0 Comments