കാഞ്ഞങ്ങാട് (www.evisionnews.co): രാജ്യത്ത് ഗാന്ധിയന്‍ ശൈലിയിലുള്ള ഭരണമാണ് ഉണ്ടാകേണ്ടതെന്ന് ജനങ്ങള്‍ തീരുമാനിച്ചുകഴിഞ്ഞതായി മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യു.ഡി.എഫ്. കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലം കണ്‍വെന്‍ഷന്‍ നോര്‍ത്ത് കോട്ടച്ചേരിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു തങ്ങള്‍. രാജ്യത്ത് ഇപ്പോള്‍ ആദര്‍ശങ്ങളും അവകാശങ്ങളും കാറ്റില്‍പ്പറത്തിയിരിക്കുകയാണ്. മോദി ഭരണം തുടര്‍ന്നാല്‍ ഭരണഘടന തന്നെ ഇല്ലാതാവും. തിരഞ്ഞെടുപ്പ് പോലും ഇല്ലാതാകുമെന്നും തങ്ങള്‍ പറഞ്ഞു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യപ്രഭാഷണം നടത്തി. യു.ഡി.എഫ്. ജില്ലാ ചെയര്‍മാന്‍ എം.സി. ഖമറുദ്ദീന്‍ അധ്യക്ഷത വഹിച്ചു. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ., മുസ്ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സി.ടി.അഹ്മദലി, സ്ഥാനാര്‍ത്ഥി രാജ്മോഹന്‍ ഉണ്ണിത്താന്‍, കെ.പി.സി.സി. ജനറല്‍ സെക്രട്ടറി കെ.പി. കുഞ്ഞിക്കണ്ണന്‍, സതീഷന്‍ പാച്ചേനി, അഡ്വ. സുബ്ബയ്യറൈ, എം. നാരായണന്‍ കുട്ടി, ഡോ. ഖാദര്‍ മാങ്ങാട്, വി. കമ്മാരന്‍, ഹക്കീം കുന്നില്‍, ഹരീഷ് പി. നമ്പ്യാര്‍, കരിവെള്ളൂര്‍ വിജയന്‍, ജി. രതികുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. സി.പി.എം. വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന അജാനൂര്‍ കടപ്പുറത്തെ കെ.കെ. ഷാജിക്കും കുടുംബത്തിനും യോഗത്തില്‍ വെച്ച് അംഗത്വം നല്‍കി.
കേരളത്തില്‍ സി.പി.എമ്മും ബി.ജെ.പിയും തമ്മിലുള്ള കൂട്ടുകെട്ടാണ് നിലനില്‍ക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. സംസ്ഥാനത്തെ അഞ്ച് മണ്ഡലങ്ങളില്‍ ബി.ജെ.പി-യു.ഡി.എഫ് ധാരണയുണ്ടെന്ന കോടിയേരി ബാലകൃഷ്ണന്റെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കോടിയേരിയുടേത് മുന്‍കൂര്‍ ജാമ്യമെടുക്കുന്ന നടപടിയാണ്. അരിയാഹാരം കഴിക്കുന്നവര്‍ ആരും തന്നെ കോടിയേരിയുടെ വാക്കുകള്‍ വിശ്വസിക്കുകയില്ല. സംഘപരിവാര്‍ ശക്തികളുമായി സി.പി.എം നേതൃത്വം പ്രകടമായി ധാരണയുണ്ടാക്കിയിരിക്കുകയാണ്. അതിനുള്ള ചര്‍ച്ചകള്‍ നടന്നു കഴിഞ്ഞതായും ചെന്നിത്തല ചൂണ്ടിക്കാട്ടി.
Post a Comment
0 Comments