രാവണീശ്വര (www.evisionnews.co): വനിതാ മതിലിന്റെ പ്രചാരണാര്‍ത്ഥം നടത്തിയ ജാഥയ്ക്ക് ഒരുക്കിയ സ്വീകരണത്തിലേക്ക് അവര്‍ണ്ണ ജാതിയില്‍പ്പെട്ടതിനാല്‍ ഭക്ഷണ സാധനങ്ങള്‍ വേണ്ടെന്നും ചായക്കുള്ള പഞ്ചസാര, പാല്‍, തേയില എന്നിവ കൊണ്ടുവന്നാല്‍ മതിയെന്നും നിര്‍ദേശിച്ചതായി ദളിത് സ്ത്രീയുടെ പരാതി. പാര്‍്ട്ടി ഗ്രാമമായ രാവണീശ്വരത്താണ് സംഭവം. സംഭവ ദിവസം തന്നെ നേതൃത്വത്തിന് പരാതി ബോധിപ്പിച്ചിരുന്നെങ്കിലും കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കിടയില്‍ നിന്ന് മാനസീക പീഡനവും ജാതീയ അധിക്ഷേപവും പതിവായതോടെയാണ് യുവതി കാസര്‍കോട് സ്പെഷ്യല്‍ മൊബൈല്‍ സ്‌ക്വാഡിന് പരാതി നല്‍കിയത്.
സംഭവം നടന്ന് രണ്ടുമാസത്തിന് ശേഷമാണ് ഇതു സംബന്ധിച്ച പരാതി എസ്എംഎസിന് ലഭിച്ചത്. ജനുവരി ഒന്നിന് നടന്ന വനിതാമതിലിന് മുന്നോടിയായി നടത്തിയ ജാഥയ്ക്ക് രാവണീശ്വരത്ത് സ്വീകരണമേര്‍പ്പെടുത്തിയിരുന്നു. ജാഥാംഗങ്ങള്‍ക്ക് ചായ സല്‍ക്കാരവും ഭക്ഷണവും ഏര്‍പ്പാടാക്കിയിരുന്നു. ഉപ്പുമാവ് തയാറാക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് ഇതുമാറ്റി കുടുംബശ്രീ അംഗങ്ങളുടെ വീട്ടില്‍ നിന്ന് ഇലയട കൊണ്ടുവരാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ കുടുംബശ്രീ അംഗവും പാര്‍ട്ടി അംഗവുമായ ദളിത് യുവതിയോട് തന്റെ വീട്ടില്‍ നിന്നും ഭക്ഷണസാധനങ്ങള്‍ വേണ്ടെന്നും ചായക്കുള്ള പഞ്ചസാര, പാല്‍, തേയില എന്നിവ കൊണ്ടുവന്നാല്‍ മതിയെന്നും നിര്‍ദേശിക്കുകയായിരുന്നു. ഇത് താന്‍ അവര്‍ണജാതിയില്‍ പെട്ടതിനാലാണെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നത്. അപ്പോള്‍ തന്നെ ഇക്കാര്യം നേതൃത്വത്തെ അറിയിച്ചിരുന്നു. ഇതോടെ ഇലയട കൊണ്ടുവരാന്‍ അനുമതി നല്‍കിയെങ്കിലും ഭാരവാഹികള്‍ അടക്കമുള്ളവര്‍ തന്റെ വീട്ടില്‍ നിന്ന് പലഹാരം കഴിച്ചില്ലെന്നും യുവതി ആരോപിച്ചു. ഇതിനെതിരെ കുടുംബശ്രീ അധികൃതര്‍ക്ക് നല്‍കിയ പരാതി പരിഹരിക്കാന്‍ വിളിച്ച യോഗത്തില്‍ യുവതിയെ ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നു.
Post a Comment
0 Comments