Type Here to Get Search Results !

Bottom Ad

കാസര്‍കോട് ബേവിഞ്ച വെടിവെയ്പ് കേസിന്റെ ചുരുളഴിയുന്നു: പിന്നില്‍ രവി പൂജാരിയെന്ന് സൂചന

കാസര്‍കോട് (www.evisionnews.co): ഒമ്പത് വര്‍ഷം മുമ്പ് കാസര്‍കോട്ടെ കരാറുകാരന്റെ വീടിനു നേരെയുണ്ടായ വെടിവെപ്പിന് പിന്നില്‍ രവി പൂജാരിയെന്ന് സൂചന. രണ്ട് തവണയായാണ് ബേവിഞ്ചയിലെ കരാറുകാരന്‍ എം.ടി മുഹമ്മദ്കുഞ്ഞി ഹാജിയുടെ വീടിനു നേരെ വെടിയുതിര്‍ത്തത്. 

കാസര്‍കോട്ടെയും കര്‍ണാടകയിലേയും യുവാക്കളടക്കം പ്രതികളായ ഈ കേസില്‍ 2014ല്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തിരുന്നു. നടി ലീന മരിയ പോളിന്റെ കൊച്ചിയിലെ ബ്യൂട്ടിപാര്‍ലറില്‍ വെടിവെപ്പ് നടത്തയ കേസിന്റെ അന്വേഷണം ഊര്‍ജിതമാക്കിയതോടെയാണ് സമാനമായ കാസര്‍കോട് വെടിവെപ്പ് കേസിലും പൊലീസ് അന്വേഷണം ആരംഭിച്ചത്. ലീന മരിയ പോളിനോട് 25 കോടി രൂപ ആവശ്യപ്പെട്ടാണ് രവി പൂജാരി വിദേശത്തു നിന്നും ഇന്റര്‍നെറ്റ് ഫോണ്‍ കോളിലൂടെ ഭീഷണി മുഴക്കിയത്. കാസര്‍കോട്ടെ കരാറുകാരനെയും സമാനമായാണ് ഭീഷണി മുഴക്കിയത്. രണ്ടിന്റെയും മാസ്റ്റര്‍ പ്ലാന്‍ രവി പൂജാരി തന്നെയാണെന്ന് ഇതിലൂടെ തന്നെ വ്യക്തമായിട്ടുണ്ട്.

രണ്ടിടത്തും ഭയപ്പെടുത്താന്‍ വേണ്ടി വെടിപൊട്ടിച്ച് കടന്നുകളയുകയായിരുന്നു. ഇതിനെല്ലാം പുറമെ തിരികെപ്പോകുമ്പോള്‍ രണ്ടിടത്തും രവി പൂജാരിയുടെ പേരെഴുതിയ തുണ്ടു കടലാസ് സംഘം ഉപേക്ഷിച്ചതായി കണ്ടെത്തിയിരുന്നു. അന്ന് അറസ്റ്റിലായവരില്‍ മുഖ്യപ്രതി കാസര്‍കോട് പൈവളിഗെയിലെ യൂസുഫ് സിയയ്ക്ക് കൊച്ചിയിലെയും പെരുമ്പാവൂരിലെയും ഗുണ്ടാസംഘങ്ങളുമായി അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തിയിരുന്നു. കൊല്ലംകാരനായ ഡോക്ടറും ഉള്‍പ്പെട്ട ക്രിമിനല്‍ ശൃംഖലയിലെ കണ്ണികള്‍ അങ്ങനെ ഒന്നൊന്നായി ചേര്‍ന്നുവരികയാണ്. ഈവഴിക്കാണ് വെടിവെയ്പ്പ് കേസിന്റെ അന്വേഷണം പുരോഗമിക്കുന്നത്. കഴിഞ്ഞ ദിവസം രവി പൂജാരി സംഘവുമായി ബന്ധമുള്ള ഡോക്ടറുടെ കാഞ്ഞങ്ങാട്ടെ ഭാര്യാവീട്ടില്‍ കൊച്ചിയിലെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad