കാസര്‍കോട് (www.evisionnews.co): ഒരു രാത്രി മുഴുവന്‍ കേരളക്കരയാകെ ഉറക്കൊഴിഞ്ഞ് ഗതാഗതം സുഗമമാക്കി എട്ടുമണിക്കൂര്‍ കൊണ്ട് മംഗലാപുരത്ത് നിന്നും തിരുവനന്തപുരം ശ്രീചിത്രയിലെത്തിച്ച മുഹമ്മദ് എന്ന പിഞ്ചുകുഞ്ഞ് പൂര്‍ണ സുഖം പ്രാപിച്ചുതിരികെ നാട്ടിലെത്തിച്ചു. പ്രാര്‍ത്ഥനയുടെയും ഒരുപാട് നല്ലമനുഷ്യരുടെ ജാഗ്രതയുടെയും ഫലമാണ് കാസര്‍കോട് മേല്‍പറമ്പ് സ്വദേശികളായ ഷറഫുദ്ദീന്‍- ആയിഷ ദമ്പതികള്‍ ഇന്ന് ആസ്വദിക്കുന്നത്. ജനുവരി അഞ്ചിന് രാത്രി പത്തുമണിയോടെയായിരുന്നു മലയാളികളുടെ വാട്സ് ആപ്പുകളിലേക്ക് ആസാഹസിക യാത്രയുടെ സന്ദേശമെത്തിയത്. നിമിഷനേരം കൊണ്ട് കേരളം മുഴുവന്‍ ആ യാത്രയ്ക്ക് വഴിയൊരുക്കി ഗാതഗതം സുഗമമാക്കുകയായിരുന്നു തിരുവനന്തപുരം ശ്രീചിത്ര ആസ്പത്രി കവാടം വരെ.
ജനുവരി രണ്ടിന് മംഗലാപുരം നഴ്സിംഗ് ഹോമിലാണ് ആയിഷ എന്ന യുവതി ഇരട്ട കുഞ്ഞുങ്ങള്‍ക്ക് ജന്മംനല്‍കിയത്. എന്നാല്‍ ഹൃദയത്തിന്റെ വാള്‍വിന് തകരാറോടെയാണ് 'മുഹമ്മദ്' ജനിച്ചത്. ശ്വാസോച്ഛ്വാസം എടുക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റുകയും എറണാകുളത്തെയും മംഗലാപുരത്തെയും വിവിധ സ്വകാര്യ ആസ്പത്രികളില്‍ ചികിത്സ നടത്തി. ഓപ്പറേഷന്‍ നടത്തിയാല്‍ രക്ഷപ്പെടുമെന്ന ചെറിയ ശതമാനത്തിന്റെ ഉറപ്പിലാണ് അടിയന്തര വിദഗ്ധ ചികിത്സക്കായി തിരുവനന്തപുരം ശ്രീചിത്രയിലേക്ക് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്. ദൗത്യം ചൈല്‍ഡ് പ്രൊട്ടക്ട് ടീം ഏറ്റെടുക്കുകയും ചെയ്തു. ഇതേതുടര്‍ന്നാണ് രാത്രി പത്തര മണിയോടെ മംഗലാപുരം നഴ്സിംഗ് ഹോമില്‍ നിന്നും മൂന്നുദിവസം മാത്രം പ്രായമുള്ള കുഞ്ഞുമായി കെ.എം.സി.സി ബദിയടുക്ക മേഖലയുടെ അത്യാധുനിക സജ്ജീകരണങ്ങളുള്ള ആംബുലന്‍സില്‍ തിരുവനന്തപുരത്തേക്ക് യാത്രപുറപ്പെട്ടത്. രാവിലെ 6.30മണിക്ക് ശ്രിചിത്രയിലെത്തിക്കുകയും എട്ടുമണിക്കൂര്‍ നീണ്ട ശസ്്ത്രക്രിയക്ക് വിധേയമാക്കുകയും ചെയ്തു. സ്വന്തം ജീവന്‍ പോലും പണയംവെച്ച് കാസര്‍കോട് സ്വദേശികളായ അബ്ദുള്ള, ഹാരിസ് (അച്ചു) എന്നിവരാണ് ആംബുലന്‍സ് ഓടിച്ചത്. കുഞ്ഞിനെ മാറോടണച്ച് നഴ്‌സ് അശ്വന്തും കൂടെയുണ്ടായിരുന്നു.
ആയിരങ്ങളുടെ പ്രാര്‍ത്ഥനയുടെ ഫലം. 32 ദിവസത്തെ ചികിത്സ കഴിഞ്ഞ് പൂര്‍ണ ആരോഗ്യത്തോടെ മുഹമ്മദിനെയും കെകളിലേന്തി ഇന്നലെ രാവിലെ മാവേലിയില്‍ കാസര്‍കോട്് റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങുമ്പോള്‍ ആ മാതാപിതാക്കളുടെയും ബന്ധുക്കളുടെയും മുഖത്ത് സന്തോഷവും ആശ്വാസവും നിഴലിക്കുന്നുണ്ടായിരുന്നു. റെയില്‍വെ സ്‌റ്റേഷനില്‍ ചൈല്‍ഡ് ടീം സംസ്ഥാന പ്രസിഡണ്ട് സി.കെ നാസര്‍ കാഞ്ഞങ്ങാട്, കാസര്‍കോട് ജില്ലാ പ്രസിഡണ്ട് മൊയ്തീന്‍ പൂവടുക്ക, ഭാരവാഹികളായ മനു മാത്യൂ ബന്തടുക്ക, മറിയക്കുഞ്ഞി കൊളവയല്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
Post a Comment
0 Comments