കാസര്‍കോട് (www.evisionnews.co): കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ ബ്രസ്റ്റ് ഫീഡിംഗ് സെന്റര്‍ യാഥാര്‍ത്ഥ്യമായി. ചന്ദ്രഗിരി ലയണ്‍സ് ക്ലബിന്റെ നേതൃത്വത്തില്‍ നിര്‍മിച്ച ഫീഡിംഗ് സെന്റര്‍ സതേണ്‍ റെയില്‍വേ ജനറല്‍ മാനേജര്‍ ആര്‍.കെ കുല്‍ശ്രേഷ്ഠ ഉദ്ഘാടനം ചെയ്തു. കൈക്കുഞ്ഞുങ്ങളുമായി യാത്രചെയ്യുന്ന സ്ത്രീകള്‍ക്ക് മുലയൂട്ടല്‍ കേന്ദ്രമില്ലാത്തത് ദുരിതമായിത്തീര്‍ന്ന സാഹചര്യത്തിലാണ് ലയണ്‍സ് ക്ലബ് ഇത്തരമൊരു ഫീഡിംഗ് സെന്ററിനെ കുറിച്ച് ഡിവിഷനല്‍ മാനേജര്‍ പ്രതാപ് സിങ്ങ് ഷമിയുടെ ശ്രദ്ധയില്‍പെടുത്തിയത്. നിര്‍മിക്കാനാവശ്യമായ അനുമതിപത്രത്തിന് അപേക്ഷിക്കുകയും ചെയ്തു. കഴിഞ്ഞ ആഴ്ച അനുമതി ലഭിക്കുകയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ത്വരിത ഗതിയില്‍ പൂര്‍ത്തിയാക്കുകയുമായിരുന്നു.
പാലക്കാട് ഡി.ആര്‍.എം പ്രതാപ് സിംഗ് ഷമി, ലയണ്‍സ് ക്ലബ് അംഗങ്ങളായ ജലീല്‍ മുഹമ്മദ് ഫറൂഖ് കാസ്മി, കെ.സി ഇര്‍ഷാദ്, എം.എ സിദ്ധിഖ്, മജീദ് ബെണ്ടിച്ചാല്‍ എം.പി അബ്ദുള്‍നാസര്‍ ശിഹാബ് തോരവളപ്പ്, മുഹമ്മദ് ഇബ്രാഹിം, ഒ.കെ അബ്ദുല്‍ ഖാദര്‍ തെക്കില്‍, ഷംസീര്‍ റസൂല്‍, ടിഎ ആസിഫ് സംബന്ധിച്ചു. അഡീഷണല്‍ പാര്‍ക്കിംഗ് ഏരിയ ക്ലബിന്റെ നേതൃത്വത്തില്‍ നിര്‍മിക്കാന്‍ വേണ്ടി നേരത്തെ നല്‍കിയ അപേക്ഷയുടെ വിശദ വിവരങ്ങള്‍ ജനറല്‍ മാനേജരുടെ ശ്രദ്ധയില്‍പ്പെടുത്തി. പാലസ് ഓണ്‍ വീല്‍സ് പോലെയുള്ള ആധുനിക സജ്ജീകരണങ്ങളുള്ള ട്രെയിന്‍ ആരംഭിക്കുന്നതിന് വേണ്ടി ജനറല്‍ മാനേജര്‍ക്ക് ലയണ്‍സ് ക്ലബ് ഭാരവാഹികള്‍ നിവേദനം നല്‍കി.
Post a Comment
0 Comments