Type Here to Get Search Results !

Bottom Ad

ബന്ധുനിയമനം: മന്ത്രി കെ.ടി ജലീലിനെതിരെ കൂടുതല്‍ തെളിവുകളുമായി യൂത്ത് ലീഗ്

Image result for pk firoz

കൊച്ചി (www.evisionnews.co): ബന്ധുനിയമന വിവാദവുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി ജലീലിനെതിരെ കൂടുതല്‍ തെളിവുകളുമായി മുസ്ലിം യൂത്ത് ലീഗ്. യൂത്ത് ലീഗ് യുവജനയാത്രയുമായി ബന്ധപ്പെട്ട് എറണാകുളം പ്രസ്‌ക്ലബ്ബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിനിടെയാണ് അനധികൃത നിയമനത്തില്‍ മന്ത്രിയുടെ വ്യക്തമായ പങ്ക് തുറന്നുകാട്ടിയും വിഷയത്തില്‍ മുഖ്യമന്ത്രിയുടെ നിലപാടുകളിലെ പൊള്ളത്തരങ്ങള്‍ തുറന്നുകാട്ടിയും യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി പി.കെ ഫിറോസും കൂടുതല്‍ തെളിവുകള്‍ പുറത്തുവിട്ടത്.

ഡിസംബര്‍ നാലിന് നിയമസഭ സമ്മേളനത്തില്‍ കെ.മുരളീധരന്‍ എം.എല്‍.എയുടെ അടിയന്തിര പ്രമേയത്തിന് മറുപടിയായി ബന്ധുനിയമനത്തില്‍ ചട്ടലംഘനം നടന്നിട്ടില്ലെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍ ഡിസംബര്‍ 11ന് പാറക്കല്‍ അബ്ദുല്ല എംഎല്‍എക്ക് മന്ത്രി കെ.ടി ജലീല്‍ നല്‍കിയ മറുപടിയില്‍ പൊതുമേഖല സ്ഥാപനത്തിലെ ഉന്നത തല നിയമനത്തിന് ദേശീയ അംഗീകാരമുള്ള വിദഗ്ധ സമിതി ശുപാര്‍ശ ആവശ്യമാണെന്നും എന്നാല്‍ കെ.ടി അദീബിന്റെ നിയമനത്തില്‍ ഈ ചട്ടം പാലിച്ചില്ലെന്നുമാണ് പറയുന്നത്. ഒരേ വിഷയത്തില്‍ രണ്ടു ഉത്തരമാണ് മന്ത്രിയും മുഖ്യമന്ത്രിയും സഭയില്‍ പറഞ്ഞത്. ഒന്നുകില്‍ മുഖ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്, അല്ലെങ്കില്‍ മന്ത്രി കള്ളം പറയുന്നുവെന്ന് വേണം മനസിലാക്കാന്‍. മുഖ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിച്ചുവെങ്കില്‍ അക്കാര്യം ഗൗരവതരമാണെന്ന് പി.കെ ഫിറോസ് പറഞ്ഞു.

ന്യൂനപക്ഷ ധനകാര്യ കോര്‍പറേഷനിലെ എം.ഡി നിയമനത്തിനുള്ള യോഗ്യതയില്‍ ഭേദഗതി വരുത്തിയ സര്‍ക്കുലര്‍ 2016 ആഗസ്ത് 29നാണ് കോഴിക്കോട്ടെ കോര്‍പറേഷന്‍ ഓഫീസില്‍ കിട്ടിയതെന്നാണ് വിവരാവകാശ പ്രകാരം കോര്‍പറേഷന്‍ ഓഫീസില്‍ നിന്ന് തന്നെ ലഭിച്ച മറുപടി. എന്നാല്‍ പുതുക്കിയ വിദ്യാഭ്യാസ യോഗ്യത ചേര്‍ത്താണ് 2016 ആഗസ്ത് 25ന് കോര്‍പറേഷന്‍ നോട്ടിഫിക്കേഷന്‍ ഇറക്കിയത്. അനധികൃത നിയമനം നടന്നതിന്റെ പുതിയ തെളിവുകളാണിത്. സര്‍ക്കുലര്‍ ലഭിക്കുന്നതിന് നാലു ദിവസം മുമ്പേ പുതുക്കിയ വിദ്യാഭ്യാസ ചേര്‍ത്തുള്ള നോട്ടിഫിക്കേഷന്‍ ഇറങ്ങിയതെങ്ങനെയെന്ന് വകുപ്പും മന്ത്രിയും വ്യക്തമാക്കണം. നിയമനവുമായി ബന്ധപ്പെട്ട രേഖകള്‍ വിവരാവകാശ പ്രകാരം ന്യനപക്ഷ ക്ഷേമ വകുപ്പില്‍ നിന്ന് ചോദിച്ചപ്പോള്‍ നിയമസഭയില്‍ മറുപടി പറയുന്നതിന് രേഖകള്‍ കൊണ്ടുപോയെന്നായിരുന്നു മറുപടി. എന്നാല്‍ ഇക്കാര്യത്തില്‍ നിയമസഭയില്‍ മറുപടി നല്‍കിയില്ല. നിയമന രേഖകള്‍ മറച്ചുവെക്കാനുള്ള ശ്രമങ്ങളാണ് നടക്കുകയാണ്. നിലവിലെ നിയമം ഭേദഗതി ചെയ്ത് മന്ത്രിയെ രക്ഷപ്പെടുത്താനാണ് ഇപ്പോഴത്തെ ശ്രമം. നിയമ ഭേദഗതി ചെയ്യാനുള്ള നടപടിക്കെതിരെ പ്രശാന്ത്ഭൂഷണും വി.എസ് അച്യുതാനനന്ദന്‍ അടക്കമുള്ളവരും കോടതിയെ സമീപിച്ചിട്ടുണ്ട്. ഇതിനെതിരെ യൂത്ത് ലീഗും സുപ്രീംകോടതിയില്‍ കക്ഷി ചേരും. ഇക്കാര്യത്തില്‍ പാര്‍ട്ടിയും യുഡിഎഫും വലിയ പിന്തുണ നല്‍കുന്നുണ്ട്. മന്ത്രിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് യൂത്ത്ലീഗ് നല്‍കിയ പരാതി ലഭിച്ചതായി വിജിലന്‍സ് അറിയിച്ചിട്ടുണ്ട്. സര്‍ക്കാരാണ് മന്ത്രിക്കെതിരെ അന്വേഷണം വേണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത്. സര്‍ക്കാര്‍ അനുമതി നല്‍കാത്ത പക്ഷം കോടതിയെ സമീപിക്കുമെന്നും നിയമ പോരാട്ടങ്ങളുമായി യൂത്ത്ലീഗ് മുന്നോട്ടുപോവുമെന്നും പി.കെ ഫിറോസ് പറഞ്ഞു. യൂത്ത്ലീഗ് സംസ്ഥാന ഭാരവാഹികളായ പി.എ അഹമ്മദ് കബീര്‍, ഫൈസല്‍ ബാഫഖി തങ്ങള്‍, യൂത്ത് ലീഗ് എറണാകുളം ജില്ലാ പ്രഡിസന്റ് കെ.എ മുഹമ്മദ് ആസിഫ്, ജന.സെക്രട്ടറി അന്‍സാര്‍ മുണ്ടാട്ട് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad