കാസര്‍കോട് (www.evisionnews.co): തളങ്കര കടവത്ത് സ്വദേശി മന്‍സൂര്‍ അലി വധക്കേസില്‍ വിചാരണക്ക് ഹാജരാകാതെ ഒളിവില്‍ കഴിയുന്ന മുഖ്യപ്രതിയുടെ ജാമ്യക്കാരെ ഡിസംബര്‍ 31ന് ഹാജരാക്കാന്‍ കോടതി നോട്ടീസ് നല്‍കി. ജില്ലാ പ്രിന്‍സിപ്പാല്‍ സെഷന്‍സ് (മൂന്ന്) കോടതിയാണ് ജാമ്യക്കാരായ തമിഴ്നാട് പുതുക്കോടിയിലെ കറുപ്പയ്യയുടെ ഭാര്യ ആനന്ദി, അത്താണി അങ്കേരിയിലെ രാമസ്വാമി എന്നിവരെ ഹാജരാക്കാന്‍ പൊലീസിന് നോട്ടീസ് നല്‍കിയത്.
മന്‍സൂര്‍ അലി വധക്കേസിലെ മുഖ്യപ്രതിയായ തമിഴ്നാട് അത്താണി അഗ്രഹാര കുടിയിരുപ്പ് കോളനിയിലെ മാരിമുത്തു എന്ന അഷ്റഫിനാണ് (35) ആനന്ദിയും രാമസ്വാമിയും ജാമ്യം നിന്നിരുന്നത്. കേസിന്റെ വിചാരണ വേളയില്‍ മാരിമുത്തു ഹാജരായിരുന്നില്ല. ഇതേ തുടര്‍ന്ന് മാരിമുത്തുവിനെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയും പ്രതിയെ ഹാജരാക്കാന്‍ ജാമ്യക്കാര്‍ക്ക് നോട്ടീസയക്കുകയും ചെയ്തിരുന്നു.
എന്നാല്‍ മാരിമുത്തുവിനെ ഹാജരാക്കാന്‍ ഇവര്‍ക്കായില്ല. ഇതോടെ ജാമ്യക്കാര്‍ക്കെതിരെ കോടതി സ്വമേധയാ കേസെടുക്കുകയും ഇവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ഉത്തരവിടുകയും ചെയ്തു. ഇതു സംബന്ധിച്ച നടപടി ക്രമങ്ങളുടെ ഭാഗമായാണ് ജാമ്യക്കാരെ ഹാജരാക്കാന്‍ കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.
2017 ജനുവരി 25 നാണ് സ്വര്‍ണ്ണ വ്യാപാരിയായ മന്‍സൂര്‍ അലിയെ തലക്കടിച്ച് കൊലപ്പെടുത്തിയ ശേഷം കിണറ്റില്‍ തള്ളിയത്. മാരിമുത്തു എന്ന മുഹമ്മദ് അഷ്റഫ്, കര്‍ണ്ണാടക ബണ്ടാള്‍ കറുവത്തട്ക്ക മീത്തനടുക്കയിലെ അബ്ദുല്‍ സലാം, കര്‍ണാടക ഹാസനിലെ രംഗണ്ണ എന്നിവരാണ് കേസിലെ പ്രതികള്‍. രണ്ടു മൂന്നും പ്രതികളും വിചാരണക്ക് ഹാജരായിരുന്നെങ്കിലും ഒന്നാം പ്രതി ഹാജരാകാത്തതിനാല്‍ കേസിന്റെ വിചാരണ മാറ്റിവെക്കുകയായിരുന്നു. കേസ് ഡിസംബര്‍ 14ന് കോടതി പരിഗണിക്കും.

Post a Comment
0 Comments