കാസര്‍കോട് (www.evisionnews.co): ചെമ്പരിക്ക ഖാസി സി.എം അബ്ദുല്ല മൗലവിയുടെ മരണവുമായി ബന്ധപ്പെട്ട് സമസ്തയുടെയും മുസ്്‌ലിം ലീഗിന്റെയും നേതാക്കളെ അപമാനിക്കുന്നതിന് വേണ്ടി നിക്ഷിപ്ത താല്‍പര്യക്കാര്‍ ഇപ്പോള്‍ നടത്തുന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് സമസ്ത പി.ആര്‍.ഒ അഡ്വ. ത്വയ്യിബ് ഹുദവി പ്രസ്താവനയില്‍ വ്യക്തമാക്കി. ഈകേസുമായി ബന്ധപ്പെട്ട് ഖാസി കുടുംബത്തിന്റേതാണെന്ന നില്ക്ക് പുറത്തുവരുന്ന വാര്‍ത്തകളെല്ലാം തികച്ചും അടിസ്ഥാന രഹിതമാണ്.
കേസിന്റെ തുടക്കം മുതല്‍ ചെയ്യേണ്ട മുഴുവന്‍ കാര്യങ്ങളും സമസ്ത നേതൃത്വം പരിപൂര്‍ണമായും ചെയ്തുവരുന്നുണ്ട്. ഇതു ബോധപൂര്‍വ്വം മറച്ചുവെച്ച് പൊതുസമൂഹത്തില്‍ തെറ്റിദ്ധാരണ പരത്തുന്നത് താല്‍കാലിക പ്രതിച്ഛായ ഉണ്ടാക്കാനേ ഉപകരിക്കൂ. സമരങ്ങളും പൊതുപരിപാടികളും ആരോപണങ്ങളും കൊണ്ട് കേസിന് യാതൊരു ഗുണവും ഇല്ലെന്ന് കേസുകള്‍ക്ക് നേതൃത്വം നല്‍കുന്ന ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകന്‍ ആവര്‍ത്തിച്ചു പറഞ്ഞത് ഖാസിയുടെ കുടുംബത്തിന് ബോധ്യമുള്ള കാര്യമാണ്. ഖാസിയുടെ കുടുംബത്തിലെ ചിലരുടെ അടിസ്ഥാന രഹിതമായ സംശയങ്ങളും വാസ്തവ വിരുദ്ധമായ ആരോപണങ്ങളുമാണ് ഈകേസ് ഇന്നത്തെ അവസ്ഥയിലായതിന്റെ പ്രധാന കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈകേസിന്റെ അന്വേഷണം ക്രൈബ്രാഞ്ചിനും പിന്നീട് സി.ബി.ഐക്കും ഏല്‍പ്പിക്കാനുണ്ടായ നീക്കങ്ങളെ കുറിച്ചുള്ള ഖാസി കുടുംബത്തിന്റെ പരാമര്‍ശവും വാസ്തവ വിരുദ്ധമാണ്. സമസ്ത മുന്‍കയ്യെടുത്ത് 2011 ഒക്ടോബര്‍ 17ന് കേരള ഹൈക്കോടതിയില്‍ ഖാസി കുടുംബം സമര്‍പ്പിച്ച റിട്ട് പെറ്റീഷന്റെ മെമ്മോറാണ്ടത്തിലെ മൂന്ന്, നാല്, അഞ്ച് പേജുകള്‍ വായിച്ചാല്‍ ഇതിന്റെ സത്യാവസ്ഥ ആര്‍ക്കും മനസിലാക്കാന്‍ സാധിക്കും. ചെമ്പരിക്ക ഖാസി കേസിന്റെ നടത്തിപ്പില്‍ ഏതെങ്കിലും വിധത്തിലുള്ള വീഴ്ചകള്‍ സമസ്തയുടെ ഭാഗത്തുനിന്നും ഉണ്ടായതായി ചൂണ്ടിക്കാണിക്കാന്‍ ആര്‍ക്കും സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഖാസി കുടുംബം സമസ്തക്കെതിരെ നടത്തിയ പ്രസ്താവനക്കെതിരെയാണ് സമസ്ത പി.ആര്‍.ഒയുടെ പ്രതികരണം.

Post a Comment
0 Comments