കാസര്‍കോട് (www.evisionnews.co): നിര്‍ദ്ദിഷ്ട കാസര്‍കോട് മെഡിക്കല്‍ കോളജ് ഉക്കിനടുക്കയില്‍ നിന്ന് മാറ്റി സ്ഥാപിക്കണമെന്ന കരുണാകരന്‍ എം.പിയുടേയും ഉദുമ എം.എല്‍.എ കെ. കുഞ്ഞിരാമന്റെയും പ്രസ്താവന കാസര്‍കോട് ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ബ്രിട്ടുഷുകാരന്റെ തന്ത്രമാണെന്നും എന്തുവില കൊടുത്തും മെഡിക്കല്‍ കോളജ് നില നിര്‍ത്താന്‍ പുതിയ സമര മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുമെന്നും ജനകീയ സമര സമിതി ചെയര്‍മാന്‍ മാഹിന്‍ കേളോട്ട് പറഞ്ഞു. എന്‍ഡോസല്‍ഫാന്‍ ദുരിത ബാധിതരുടെ ദുരിതമകറ്റാനും മലയോര മേഖലയിലെ ജനങ്ങള്‍ക്ക് ആശ്വാസവുമായ കഴിഞ്ഞ സര്‍ക്കാര്‍ അനുവദിച്ച മെഡിക്കല്‍ കോളജിനെ ഇല്ലാതാക്കാന്‍ നേരത്തെയും ശ്രമം നടത്തിയിരുന്നു. അതിനെ ചെറുത്ത് തോല്‍പിക്കാന്‍ സമര സമിതിക്കും ഇവിടത്തെ നാട്ടുകാര്‍ക്കും കഴിഞ്ഞിട്ടുണ്ട്.
മെഡിക്കല്‍ കോളേജിന്റെ അക്കാഡമിക് ബ്ലോക്കിന്റെ പ്രവര്‍ത്തി പൂര്‍ത്തീകരിക്കുകയും ഹോസ്പിറ്റല്‍ ബ്ലോക്കിന്റെ പണി ആരംഭിക്കുകയും ചെയ്ത സാഹചര്യത്തില്‍ മറ്റൊരിടത്തേക്ക് മാറ്റി സ്ഥാപിക്കണമെന്ന് പറയുന്നത് വിഡ്ഢിത്തരമാണെന്നും അതിന് ശ്രമിച്ചാല്‍ ജനങ്ങളെ സംഘടിപ്പിച്ച് ശക്തമായ സമരം നടത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
കഴിഞ്ഞ മൂന്നു ബജറ്റിലും കാസര്‍കോട് മെഡിക്കല്‍ കോളജിന് വേണ്ടി തുക മാറ്റി വെക്കാത്തതിന് പിന്നില്‍ ആരാണെന്നും എന്തിനാണെന്നും ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നു. തലൂക്ക് ആസ്പത്രിയെ ബദിയടുക്കയില്‍ നിന്നും ഇല്ലാതാക്കി ബേഡഡുക്കയിലേക്ക് കൊണ്ട് പോയതും 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കാഷ്വാലിറ്റിയെ ഇല്ലാതാക്കിയതും ഇവര്‍ തന്നെയാണ്. മലയോര മേഖലയോട് കാണിക്കുന്ന അവഗണനക്കെതിരെ എല്ലാവരും ഒറ്റക്കെട്ടായി പോരാടണം. സമരസമിതിയുടെ അടിയന്തിര യോഗം 12ന് വൈകിട്ട് നാലുമണിക്ക് മെഡിക്കല്‍ കോളജ് പരിസരത്ത് ചേരുമെന്നും യോഗത്തില്‍ മുഴുവന്‍ നാട്ടുകാരും ജനപ്രതിനിധികളും സംബന്ധിക്കണമെന്നും അഭ്യര്‍ത്ഥിച്ചു.

Post a Comment
0 Comments