Type Here to Get Search Results !

Bottom Ad

വയനാട്ടിലെ വിദ്യാര്‍ത്ഥികളുടെ ആത്മഹത്യ: കാസര്‍കോട്ടെ സൈബര്‍ ഗൂഢസംഘത്തെ കണ്ടെത്താന്‍ സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം


കാസര്‍കോട് (www.evisionnews.co): വയനാട് ജില്ലയില്‍ മൂന്നുവിദ്യാര്‍ത്ഥികള്‍ ആത്മഹത്യചെയ്യാന്‍ കാരണമായ 'മരണഗ്രൂപ്പിന് പിന്നിലെ ഗൂഢബുദ്ധി കാസര്‍കോട്ട് നിന്നാണെന്ന് സ്ഥിരീകരിച്ചതോടെ ഈസംഘത്തെ കണ്ടെത്താന്‍ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി. കാസര്‍കോട്ട് നിന്നും നിയന്ത്രിക്കുന്ന ഒരു സൈബര്‍ ഗ്രൂപ്പാണ് ഇതിന് തുടക്കംകുറിച്ചതെന്ന കണ്ടെത്തല്‍ നടുക്കമുളവാക്കുന്നു. കാസര്‍കോട് സ്പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലാണ് അന്വേഷണം ആരംഭിച്ചത്. കാസര്‍കോട്ടെ സംഘം നിയന്ത്രിക്കുന്ന സൈക്കോചെക്കന്‍ ഗ്രൂപ്പാണ് വിദ്യാര്‍ത്ഥികളെ ആത്മഹത്യയിലേക്ക് തള്ളിവിട്ടതെന്നാണ് പ്രാഥമിക വിവരം. 

കുട്ടികളെ ആത്മഹത്യയ്ക്ക് പ്രേരണ നല്‍കുന്ന വീഡിയോകളും പോസ്റ്റുകളുമാണ് ഈ ഗ്രൂപ്പിലുള്ളത്. ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥികള്‍ ഈ ഗ്രൂപ്പിനെ പിന്തുടര്‍ന്നിരുന്നുവെന്നാണ് വിവരം. ബ്ലൂവെയില്‍ പോലെ കുട്ടികളെ മനസ് കീഴ്പ്പെടുത്തി ആത്മഹത്യ ചെയ്യിക്കുന്ന അപകടകരമായ സ്വാധീനമാണ് സൈക്കോ ചെക്കനും ചെലുത്തുന്നത്. കൗമാരക്കാരും യുവാക്കളും ഉള്‍പ്പെടെ നിരവധിപേരെ സൈക്കോചെക്കന്‍ അടക്കമുള്ള മരണ ഗ്രൂപ്പുകള്‍ വലയിലാക്കിയതായാണ് വിവരം. ഇതോടെ ഇനിയും ആത്മഹത്യകള്‍ സംഭവിക്കാമെന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്. 

സൈക്കോചെക്കന് പുറമെ സമാന സ്വഭാവമുള്ള നാല് ഇന്‍സ്റ്റഗ്രാം ഗ്രൂപ്പുകള്‍ കൂടി പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതെല്ലാം വ്യാജ ഐഡികളിലാണ് പ്രവര്‍ത്തിക്കുന്നത്. സൈക്കോ ചെക്കന്‍ ഗ്രൂപ്പിന് നേതൃത്വം നല്‍കുന്നവരെ കണ്ടെത്താന്‍ പഴുതുകളടച്ചുള്ള അന്വേഷണമാണ് നടക്കുന്നതെന്ന് പൊലീസ് പറഞ്ഞു. അതിനിടെ ആത്മഹത്യ ചെയ്ത കുട്ടികളുമായി സാമൂഹ്യ മാധ്യമങ്ങളിലൂടെ ബന്ധം പുലര്‍ത്തിയിരുന്ന കണ്ണൂര്‍ ജില്ലയിലെ വിദ്യാര്‍ത്ഥി കയ്യില്‍ മുറിവുണ്ടാക്കി ചിത്രം സ്റ്റാറ്റസ് ഇട്ടതും പൊലീസ് ഗൗരവത്തിലെടുത്തിട്ടുണ്ട്.

Post a Comment

0 Comments

Top Post Ad

Below Post Ad