കാസര്‍കോട് (www.evisionnews.co): ശബരിമലയില്‍ ഹിന്ദു ഐക്യവേദി നേതാവ് കെ.പി ശശികലയെ അറസ്റ്റു ചെയ്തതില്‍ പ്രതിഷേധിച്ച് ശനിയാഴ്ച നടത്തിയ ഹര്‍ത്താലില്‍ റോഡ് ഉപരോധിക്കുകയും കടകളടപ്പിക്കുകയും അതിക്രമം നടത്തുകയും ചെയ്ത സംഭവത്തില്‍ 200 ഓളം പേര്‍ക്കെതിരെ ടൗണ്‍ പോലീസ് കേസെടുത്തു. രണ്ടു സംഭവങ്ങളിലായി ആറുപേരെ പൊലീസ് അറസ്റ്റു ചെയ്തു. കറന്തക്കാട് ദേശീയപാതയില്‍ വഴിതടസപ്പെടുത്തിയതിന് കല്ലങ്കൈയിലെ അക്ഷയ്, നെല്ലിക്കുന്നിലെ അക്ഷയ്, അടുക്കത്ത്ബയലിലെ മനോജ് എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തു.
കടയില്‍ അതിക്രമിച്ചുകയറി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും അക്രമങ്ങള്‍ നടത്തുകയും ചെയ്ത സംഭവത്തില്‍ കോട്ടക്കണ്ണിയിലെ ആദര്‍ശ് (28), പാറക്കട്ടെയിലെ ചിക്കു എന്ന രാജേഷ് (30), കോട്ടക്കണ്ണിയിലെ റോഷന്‍ (23) എന്നിവരെയും പൊലീസ് അറസ്റ്റു ചെയ്തു. പള്ളിക്കാലിലെ അബ്ദുല്‍ സമീറിന്റെ പരാതിയിലാണ് ഇവര്‍ക്കെതിരെ പൊലീസ് കേസെടുത്തത്. ഹര്‍ത്താല്‍ ദിവസമായ ശനിയാഴ്ച സമീറിന്റെ പുതിയ ബസ് സ്റ്റാന്റിലെ കട തുറന്നുപ്രവര്‍ത്തിച്ചിരുന്നു. കട അടയ്പ്പിക്കായി ആദര്‍ശിന്റെ നേതൃത്വത്തിലുള്ള സംഘം എത്തിയെങ്കിലും കടയടക്കാന്‍ സമീര്‍ തയാറായില്ല. ഇതോടെ പിരിഞ്ഞുപോയ സംഘം സന്ധ്യയോടെ വീണ്ടുമെത്തുകയും കടയടക്കണമെന്നാവശ്യപ്പെടുകയും വിസമ്മതിച്ചതോടെ പിന്നെ കണ്ടോളാമെന്നും കൊല്ലുമെന്നും ഭീഷണിപ്പെടുത്തുകയായിരുന്നു. 153 ആക്ട് പ്രകാരമാണ് കേസ്.

Post a Comment
0 Comments