കാസര്‍കോട് (www.evisionnews.co): കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ ജില്ലക്ക് അനുവദിച്ച് കാസര്‍കോട് ബദിയടുക്ക ഉക്കിനടുക്കയില്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി 2013 നവംബര്‍ മാസത്തില്‍ തറക്കല്ലിട്ട് പ്രവര്‍ത്തനമാരംഭിച്ച കാസര്‍കോട് മെഡിക്കല്‍ കോളജിന് വീണ്ടും തറക്കല്ലിടുന്ന മുഖ്യമന്ത്രി ജനങ്ങളെ വിഡ്ഢികളാക്കുകയും സ്വയംഅപഹാസ്യനാവാന്‍ ശ്രമിക്കുകയുമാണെന്ന് മുസ്്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍ പ്രസ്താവിച്ചു. മെഡിക്കല്‍ കോളജിന് കാസര്‍കോട് പാക്കേജില്‍ ഉള്‍പ്പെടുത്തി അന്നത്തെ സര്‍ക്കാര്‍ 25കോടി രൂപ അനുവദിക്കുകയും പ്രവര്‍ത്തി ആരംഭിക്കുകയും അക്കാദമി ബ്ലോക്കിന്റെ പണി പൂര്‍ത്തീകരിക്കുകയും ചെയ്തതാണ്.
2015ല്‍ നബാര്‍ഡില്‍ നിന്നും അനുവദിച്ച 68 കോടി രൂപയുടെ ധനസഹായത്തോടെ ആസ്പത്രി കെട്ടിട സമുച്ചയത്തിന്റെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് അധികാരത്തില്‍ വന്ന ഇടതുസര്‍ക്കാര്‍ ടെണ്ടറിന് അംഗീകാരം നല്‍കാന്‍ വര്‍ഷങ്ങളോളം കാലതാമസം വരുത്തകയും പ്രവൃത്തി വൈകിപ്പിക്കാന്‍ ശ്രമംനടത്തുകയും ചെയ്തു. ഇക്കാര്യത്തില്‍ സി.പി.എമ്മിന്റെയും സര്‍ക്കാറിന്റെയും നിഷേധാത്മക നിലപാട് ജനങ്ങള്‍ തിരിച്ചറിഞ്ഞതാണ്. ഇത് മൂടിവെക്കുന്നതിനാണ് ഒരുമുഖ്യമന്ത്രി തറക്കല്ലിട്ട മെഡിക്കല്‍ കോളജിന് അഞ്ചു വര്‍ഷങ്ങള്‍ക്ക് ശേഷം മറ്റൊരു മുഖ്യമന്ത്രി തറക്കല്ലിടുന്നത്. ഇത് കേട്ടുകേള്‍വി പോലുമില്ലാത്ത സംഭവമാണ്.
എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം കാസര്‍കോട് മെഡിക്കല്‍ കോളജ് നിര്‍മാണത്തിന് വേണ്ടി ഒരു നയാപൈസ പോലും അനുവദിക്കുകയോ ബജറ്റുകളില്‍ തുക നീക്കിവെക്കുകയോ ചെയ്തിട്ടില്ല. യു.ഡി.എഫ് അനുവദിച്ച പദ്ധതിയുടെ പിതൃത്വം ഏറ്റെടുക്കാനും പങ്ക് പറ്റാനുംവരുന്ന മുഖ്യമന്ത്രി ഇടതുസര്‍ക്കാര്‍ അധികാരത്താല്‍ വന്നതിന് ശേഷം എത്രരൂപ അനുവദിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കണം. മെഡിക്കല്‍ കോളേജ് നിര്‍മാണത്തിന് നേരത്തെ തടസവാദം ഉന്നയിച്ച സി.പി.എമ്മിനും എം.പിക്കും എതിരെയുള്ള ജനരോഷം മറച്ചുപിടിക്കാനാണ് ഇരട്ടക്കല്ലിടാന്‍ മുഖ്യമന്ത്രി എത്തുന്നതെന്നും ഇതുജനങ്ങളെ വിഡ്ഢികളാക്കലാണെന്നും അബ്ദുല്‍ റഹിമാന്‍ പറഞ്ഞു.


Post a Comment
0 Comments