ചെമ്മനാട് (www.evisionnews.co): കഴിഞ്ഞ ദിവസം ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സ്പോര്‍ട്സ് ഡേയ്ക്കുണ്ടായ സംഭവങ്ങളുമായി ബന്ധപ്പെട്ട് പൊലീസിന്റെയും അധ്യാപകരുടെയും ഭാഗത്തു നിന്നുണ്ടായ നടപടികള്‍ അപലപനീയമാണെന്ന് എം.എസ്.എഫ് ചെമ്മനാട് പഞ്ചായത്ത് കമ്മിറ്റി അഭിപ്രായപ്പെട്ടു. സ്പോര്‍ട്സ് ഡേക്ക് ക്യാമ്പസിനകത്ത് പടക്കം പൊട്ടിച്ചുവെന്നാരോപിച്ച് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ സ്‌കൂള്‍ ക്യാമ്പസിനകത്ത് കയറി പൊലീസ് പിടികൂടുകയായിരുന്നു. അധ്യാപകര്‍ പിടിച്ചു നല്‍കിയെന്നാണ് വിദ്യാര്‍ത്ഥി പറയുന്നത്.
തുടര്‍ന്നുണ്ടായ നിസാര പ്രശ്നം സ്‌കൂളില്‍ തന്നെ പരിഹരിക്കാമെന്നും പടക്കം പൊട്ടിച്ചിട്ടുണ്ടെങ്കില്‍ വിദ്യാര്‍ത്ഥിക്കെതിരെ സ്‌കൂള്‍ തലത്തില്‍ എന്തു നടപടിയും സ്വീകരിക്കാമെന്നും വിദ്യാര്‍ത്ഥികള്‍ അധ്യാപകരോട് പറഞ്ഞെങ്കിലും വിദ്യാര്‍ത്ഥിയെ മോചിപ്പിക്കാനുള്ള സഹപാഠികളുടെ ആവശ്യം അധ്യാപകര്‍ തള്ളിക്കളയുകയായിരുന്നു. പിന്നീട് വിദ്യാര്‍ത്ഥികള്‍ ഗേറ്റ് ഉപരോധിച്ചതോടെ പൊലീസെത്തി ലാത്തിവീശുകയും എട്ടിലും ഒമ്പതിലും പഠിക്കുന്ന കുട്ടികളെ പോലും ക്രൂരമായി തല്ലിച്ചതയ്ക്കുകയായിരുന്നു.
വിദ്യാര്‍ത്ഥികള്‍ രക്ഷപ്പെടാനായി സ്‌കൂളിന്റെ മെയിന്‍ ഗേറ്റിലേക്ക് ഓടിയപ്പോള്‍ അധ്യാപകര്‍ ഗേറ്റ് അടയ്ക്കുകയായിരുന്നു ചെയ്തത്. ഇതിനിടയില്‍ ഒരു അധ്യാപകന്‍ പൊലീസിനോട് അടിച്ചോ അടിച്ചോ എന്ന് പറഞ്ഞതായും വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. ചെമ്മനാട് സ്‌കൂളിലെ സംഭവവുമായി ബന്ധപ്പെട്ട് വസ്തുതാവിരുദ്ധമായ കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്. സ്‌കൂള്‍ കോമ്പൗണ്ടിനകത്തുണ്ടാകുന്ന നിസാര പ്രശ്നങ്ങള്‍ പരിഹരിക്കേണ്ടത് അധ്യാപകരാണ്. അതിനു പകരം നിസാര പ്രശ്നങ്ങള്‍ക്ക് പൊലീസിനെ വിളിക്കുന്നത് അധ്യാപകരുടെ കഴിവുകേടിനെയാണ് കാണിക്കുന്നത്. നിസാര സംഭവത്തിന്റെ പേരില്‍ വിദ്യാര്‍ത്ഥികളെ ക്രൂരമായി തല്ലിച്ചതച്ച സംഭവത്തില്‍ അധികൃതരില്‍ നിന്നും ഉചിതമായ നടപടിയുണ്ടായില്ലെങ്കില്‍ ശക്തമായ പ്രതിഷേധവുമായി മുന്നോട്ടു പോകുമെന്ന് എം.എസ്.എഫ് ചെമ്മനാട് പഞ്ചായത്ത് മുന്നറിയിപ്പ് നല്‍കി.

Post a Comment
0 Comments