കാസര്‍കോട് (www.evisionnews.co): കൊല്ലപ്പെട്ട പെരിയ ചെക്കിപ്പള്ളത്തെ സുബൈദ ഉംറക്ക് വേണ്ടി സ്വരൂപിച്ചിരുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. ഉംറക്ക് പോകുന്നതിനു വേണ്ടി സുബൈദ ചെക്കിപ്പള്ളത്തെ കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള കുറിയില്‍ ചേര്‍ന്നിരുന്നു. അതിനിടെ ഈവര്‍ഷം ജനുവരി 19നു സ്വന്തം വീട്ടില്‍ തനിച്ച് താമസിച്ചിരുന്ന സുബൈദയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കവര്‍ച്ചക്കിടയിലാണ് സുബൈദ കൊല്ലപ്പെട്ടതെന്ന് പൊലീസ് കണ്ടെത്തുകയും സംഭവത്തില്‍ ഉള്‍പ്പെട്ട നാലു പേരെയും അറസ്റ്റു ചെയ്യുകയും ചെയ്തിരുന്നു.
സുബൈദയുടെ കൈവശമുണ്ടായിരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്യുന്നതിന് വേണ്ടിയാണ് പ്രതികള്‍ ഇവരെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയതെന്നാണ് കേസ്. കേസില്‍ മൂന്നു മാസത്തിനകം പൊലിസ് കുറ്റപത്രം സമര്‍പ്പിച്ചതിനെ തുടര്‍ന്ന് പ്രതികള്‍ക്ക് ജാമ്യം കിട്ടിയിരുന്നില്ല. ഇതേതുടര്‍ന്ന് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ജാമ്യ അപേക്ഷ തള്ളിയിരുന്നു. അതിനിടയിലാണ് സുബൈദ ഉംറക്ക് പോകുന്നതിന് വേണ്ടി സ്വരൂപിച്ചിരുന്ന പണം കുടുംബശ്രീ പ്രവര്‍ത്തകര്‍ സുബൈദയുടെ വളര്‍ത്തു മക്കളെ ഏല്‍പ്പിച്ചത്.
29,450 രൂപയാണ് സുബൈദയുടെ പണമായി കുറിയില്‍ ഉണ്ടായിരുന്നത്. ഇത് മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറാന്‍ വളര്‍ത്തു മക്കള്‍ തീരുമാനിക്കുകയായിരുന്നു. ചെക്കിപ്പള്ളത്തെ കുടുംബശ്രീയുടെ ഓഫീസില്‍ വച്ച് തുക ഉദുമ എം.എല്‍.എ, കെ. കുഞ്ഞിരാമനെ സുബൈദയുടെ വളര്‍ത്തു മകള്‍ മുബീനയും മുബീനയുടെ ഭര്‍ത്താവ് ഇബ്രാഹിം ഖലീലും ചേര്‍ന്ന് കൈമാറി. ചടങ്ങില്‍ വളര്‍ത്തുമകനായ ഹാരിസ് തൊട്ടി, മക്കളായ ഫാത്തിമത്ത് സഫ, സല്‍മാന്‍ ഫാരിസ്, സി.ഡി.എസ് മെമ്പര്‍ ഷക്കീല, കുടുംബ ശ്രീ ഭാരവാഹികള്‍, പ്രവര്‍ത്തകര്‍, ദാമോദരന്‍, ലത്തീഫ് പെരിയ, മോഹനന്‍, നളിനി സംബന്ധിച്ചു.

Post a Comment
0 Comments