തിരുവനന്തപുരം (www.evisionnews.co): ഏറെ വിവാദമായ ബാര്‍ കോഴക്കേസില്‍ വന്‍ തിരിച്ചടി സമ്മാനിച്ച് കെ.എം മാണിക്ക് അനുകൂലമായി സമര്‍പ്പിക്കപ്പെട്ട വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി തള്ളി. മാണി കൈക്കൂലി വാങ്ങിയെന്നതിന് തെളിവില്ലെന്ന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് തള്ളിയത്. യു.ഡി.എഫ് കാലത്ത് പൂട്ടിയ ബാറുകള്‍ തുറക്കാന്‍ വന്‍തുക കൈക്കുലി വാങ്ങിയെന്നായിരുന്നു കേസ്.
സര്‍ക്കാര്‍ അനുമതിയോടെ തുടരന്വേഷണത്തിനും കോടതി ഉത്തരവിട്ടു. അന്വേഷണം പൂര്‍ണതയില്‍ എത്തിയില്ലെന്നും അന്വേഷണം പൂര്‍ണമാക്കേണ്ടതുണ്ടെന്നും പറഞ്ഞായിരുന്നു കോടതി റിപ്പോര്‍ട്ട് തള്ളിയത്. വിജിലന്‍സ് തൃപ്തികരമായ രീതിയില്‍ അന്വേഷണം നടത്തിയില്ലെന്നും കോടതി വിലയിരുത്തുകയുണ്ടായി. ബിജു രമേശ് ഹാജരാക്കിയ ഓഡിയോ പരിശോധിച്ചിട്ടില്ലെന്നും പാലായില്‍ കൊണ്ടുപോയി നല്‍കിയതായി പറയുന്ന തുകയുടെ കാര്യത്തിലും അന്വേഷണം നടന്നിട്ടില്ലെന്ന് കോടതി വ്യക്തമാക്കി. കെഎം മാണിയെ കുറ്റവിമുക്തനാക്കിയുള്ള മൂന്നാമത്തെ റിപ്പോര്‍ട്ടായിരുന്നു വിജിലന്‍സ് നല്‍കിയത്.
മാണിയെ കുറ്റവിമുക്തനാക്കിയ റിപ്പോര്‍ട്ട് തള്ളി തുടരന്വേഷണം വേണണെന്ന് കോടതിയില്‍ ആവശ്യപ്പെട്ടിട്ടത് വി.എസ്.അച്യുതാനന്ദന്‍, എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍, വി.മുരളീധരന്‍ എംപി തുടങ്ങിയവരാണ്. അഴിമതി നിരോധന നിയമത്തിലുണ്ടായ ഭേദഗതി പ്രകാരം മാണിക്കെതിരെ തുടരന്വേഷണത്തിന് സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിവേണമോയെന്ന കാര്യത്തിലാണ് കോടതിയില്‍ വാദം. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പൂട്ടിക്കിടക്കുന്ന ബാറുകള്‍ തുറക്കാന്‍ കെ.എം മാണി കൈക്കൂലി വാങ്ങിയെന്ന മദ്യവ്യവസായി ബിജുരമേശിന്റെ ആരോപണത്തോടെയാണ് കേസ് തുടങ്ങിയത്.

Post a Comment
0 Comments