Type Here to Get Search Results !

Bottom Ad

മേല്‍പ്പറമ്പ് പോലീസ് സ്റ്റേഷന്‍ ഒക്ടോബര്‍ രണ്ടിന് യാഥാര്‍ത്ഥ്യമാകും

Related image 
 
കാസര്‍കോട് (www.evisionnews.co): സംസ്ഥാനത്ത് പുതുതായി തുടങ്ങുന്ന ആറു പൊലീസ് സ്റ്റേഷനുകളില്‍ ഉള്‍പ്പെട്ട മേല്‍പ്പറമ്പ് പൊലീസ് സ്റ്റേഷന്‍ ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിന് പ്രവര്‍ത്തനം തുടങ്ങും. ദേശീയപാതക്കരികില്‍ ചട്ടഞ്ചാല്‍ നോര്‍ത്തിലെ കെ.എസ്.ഇ.ബി സെക്ഷന്‍ ഓഫീസിന് മുന്‍വശത്തെ വാടക കെട്ടിടത്തിലാണ് പൊലീസ് സ്റ്റേഷന്‍ ഒരുക്കുന്നത്. മുമ്പ് ഹോട്ടല്‍ പ്രവര്‍ത്തിച്ചിരുന്ന ഈ കെട്ടിടം പൊലീസ് സ്റ്റേഷന് വേണ്ട രീതിയില്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. മറ്റു ക്രമീകരണങ്ങള്‍ നടന്നുവരികയാണ്. 2017-18 ലെ ബജറ്റ് പ്രഖ്യാപനത്തിന്റെ ഭാഗമായാണ്

മേല്‍പറമ്പ് പൊലീസ് സ്റ്റേഷന്‍ തുടങ്ങാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിച്ചത്. മേല്‍പ്പറമ്പ് പൊലീസ് സ്റ്റേഷനില്‍ 36 തസ്തികകള്‍ അനുവദിച്ച് ജൂണ്‍ 29ന് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഇതിന് ധനവകുപ്പിന്റെ അനുമതി ലഭിച്ചിട്ടുണ്ട്. ജില്ലയിലെ മറ്റു അഞ്ചു പൊലീസ് സ്‌റ്റേഷനുകളില്‍ നിന്ന് ഓരോ സിവില്‍ പൊലീസ് ഓഫീസര്‍മാരെ മേല്‍പ്പറമ്പ് സ്റ്റേഷനിലേക്ക് പുനര്‍ വിന്യസിക്കാനും നടപടിയായി. പുതിയ സ്‌റ്റേഷന്‍ ആരംഭിക്കുന്നതിന് മുന്നോടിയായി ജില്ലാ പൊലീസ് ചീഫിന്റെ മേല്‍നോട്ടത്തില്‍ കഴിഞ്ഞ ദിവസം അവലോകന യോഗം ചേര്‍ന്നു. നടപടികള്‍ ക്രോഡീകരിക്കുന്നതിന് ലെയ്‌സണ്‍ ഓഫീസറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍- ഒന്ന്, സബ് ഇന്‍സ്‌പെക്ടര്‍- രണ്ട്, അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍- ഒന്ന്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍- 20, വുമണ്‍ സിവില്‍ പൊലീസ് ഓഫീസര്‍- അഞ്ച്, ഡ്രൈവര്‍- രണ്ടു എന്നിവയാണ് മേല്‍പ്പറമ്പ് സ്റ്റേഷന് അനുവദിച്ച തസ്തികകള്‍. ബേഡകം, കുമ്പള, മഞ്ചേശ്വരം, ആദൂര്‍, വിദ്യാനഗര്‍ എന്നീ പൊലീസ് സ്റ്റേഷനുകളില്‍ നിന്നാണ് ഒരോ സി.പി.ഒമാരെ ഇവിടേക്ക് മാറ്റുക. കാസര്‍കോട്, ബേക്കല്‍, വിദ്യാനഗര്‍ പൊലീസ് സ്റ്റേഷനുകളുടെ പരിധി വിഭജിച്ചാണ് മേല്‍പ്പറമ്പ് സ്റ്റേഷന്‍ വരുന്നത്. ഇതിനായി അതിര്‍ത്തി നിര്‍ണയിച്ച് സര്‍ക്കാര്‍ ഗസറ്റ് വിജ്ഞാപനം ഉടന്‍ ഇറക്കും. കളനാട്, തെക്കില്‍, പെരുമ്പള, ചെമ്മനാട് വില്ലേജുകള്‍ പുതിയ സ്റ്റേഷന്റെ പരിധിയില്‍ വരും.

ബാര വില്ലേജ് കൂടി ഉള്‍പ്പെടാനും സാധ്യതയുണ്ടെന്നാണ് സൂചന. ഇതുസംബന്ധിച്ച വ്യക്തതയ്ക്കാണ് വിജ്ഞാപനം വൈകിയത്. ബേക്കല്‍ പൊലീസ് സ്റ്റേഷനാണ് മേല്‍പ്പറമ്പ് സ്റ്റേഷന്‍ തുടങ്ങിയാല്‍ എറ്റവും ആശ്വാസമാവുക. വലിയ വിസ്തൃതിയിലുള്ള മേഖലയാണ് ബേക്കല്‍ സ്റ്റേഷന്റെ നിലവിലുള്ള പരിധി.

Post a Comment

0 Comments

Top Post Ad

Below Post Ad