കാസര്‍കോട് (www.evisionnews.co): ഭാഷ ഗവേഷക വിദ്യാര്‍ത്ഥി ജി. നാഗരാജുവിനെതിരായ കേസ് പിന്‍വലിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് കേന്ദ്ര സര്‍വകലാശാല വ്യക്തമാക്കി. കേസ് കോടതിയുടെ പരിഗണനയിലിരിക്കുന്നതിനാല്‍ ഇത് പിന്‍വിലിക്കാനാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ സമീപിക്കുകയാണെങ്കില്‍ നീക്കത്തെ കേന്ദ്ര സര്‍വ്വകലാശാല എതിര്‍ക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു. കേന്ദ്രസര്‍വകലാശാലയിലെ വിവിധ പ്രശ്നങ്ങളെ സംബന്ധിച്ച് പി. കരുണാകരന്‍ എം.പി. യുടെയും കെ. കുഞ്ഞിരാമന്‍ എം.എല്‍.എ യുടെ യും സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയിലാണ് തീരുമാനം.
നാഗരാജുവിന് ഗവേഷണം പൂര്‍ത്തിയാക്കാനുള്ള നടപടികളുണ്ടാകും. സര്‍വകലാശാലയിലെ ഇംഗ്ലീഷ് വിഭാഗം തലവനായിരുന്ന പ്രസാദ് പന്ന്യനെതിരായ നടപടിയില്‍ അന്വേഷണം ദ്രുതഗതിയില്‍ നടത്തി തുടര്‍തീരുമാനങ്ങളെടുക്കാനും ചര്‍ച്ചയില്‍ തീരുമാനമായി. ഗംഗോത്രി നാഗരാജുവിന് അനുകൂലമായി ഫേസ്ബുക്ക് പോസ്റ്റിട്ടതിനാണ് പ്രസാദ് പന്ന്യനെതിരായി സര്‍വകലാശാല അധികൃതര്‍ നടപടി സ്വീകരിച്ചത്. വൈസ് ചാന്‍സലര്‍ക്കെതിരായി സോഷ്യല്‍ മീഡിയയില്‍ കുറിപ്പിട്ട ഇന്റര്‍നാഷണല്‍ റിലേഷന്‍സ് വിഭാഗം രണ്ടാംവര്‍ഷ പി.ജി. വിദ്യാര്‍ഥി അഖില്‍ താഴത്തിനെ പുറത്താക്കിയ നടപടി പുനപരിശോധിക്കുെമന്നും സര്‍വകലാശാല അധികൃതര്‍ വിദ്യാര്‍ഥികള്‍ക്ക് ഉറപ്പ് നല്‍കി. ലൈബ്രറിയുടെ പ്രവര്‍ത്തനസമയം വര്‍ധിപ്പിക്കുക, പാചകതൊഴിലാളിയെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ അനുഭാവ പൂര്‍വ്വം പരിഗണിക്കും. ലൈബ്രറി പ്രവര്‍ത്തനസമയം വര്‍ധിപ്പിക്കുന്നതിനായി ഒരു ലൈബ്രേറിയനെകൂടി അനുവദിക്കണമെന്നാവശ്യപ്പെട്ട് യു.ജി.സി ക്ക് കത്ത് നല്‍കും. അതേ സമയം സര്‍വകലാശാലയില്‍ പ്രശ്നങ്ങളുണ്ടാവുകയാണെങ്കില്‍ ചര്‍ച്ച ചെയ്യാന്‍ വിദ്യാര്‍ഥി പ്രതിനിധികളെ കൂടി ഉള്‍പ്പെടുത്തിയ സമിതി വേണമെന്ന ആവശ്യം അധികൃതര്‍ തള്ളി. വൈസ് ചാന്‍സലര്‍ ജി. ഗോപകുമാര്‍, പ്രൊ. വൈസ് ചാന്‍സലര്‍ ജയപ്രസാദ്, രജിസ്ട്രാര്‍ രാധാകൃഷ്ണന്‍ നായര്‍ വിവിധ വിദ്യാര്‍ഥി യൂണിയന്‍ പ്രതിനിധികളായ സിദ്ധാര്‍ത്ഥ് രവീന്ദ്രന്‍, അക്ഷര, റാം, ശില്‍പ തുടങ്ങിയവരും ചര്‍ച്ചയില്‍ പെങ്കടുത്തു.

Post a Comment
0 Comments