Type Here to Get Search Results !

Bottom Ad

കോഴി വില താഴേക്ക് കുതിച്ചിട്ടും ചിക്കന്‍ വിഭവങ്ങളില്‍ മാറ്റമില്ല: തീവെട്ടിക്കൊള്ളയുമായി ഹോട്ടലുകള്‍


കാസര്‍കോട്‌ (www.evisionnews.co): ചിക്കന്‍ വില താഴേക്ക് കുതിച്ചിട്ടും ഹോട്ടലുകളില്‍ ചിക്കന്‍ വിഭവങ്ങളുടെ വിലയില്‍ മാറ്റമില്ല. രണ്ടു മാസത്തിലധികമായി ചിക്കന്‍ വില നൂറില്‍ താഴെയാണ്. എന്നാല്‍ ഹോട്ടലുകളില്‍ ചിക്കന്‍ വിഭവങ്ങള്‍ക്ക് വില 150നും 400 നും മുകളിലാണ്. നേരത്തെ കോഴിവില ഉയര്‍ന്നപ്പോള്‍ ചിക്കന്‍വിഭവങ്ങളുടെ വിലയില്‍ 15 ശതമാനത്തിനു മുകളിലാണു ഹോട്ടലുകള്‍ നിരക്കു വര്‍ധിപ്പിച്ചത്. വില ഉയരുമ്പോള്‍ വര്‍ധന നടപ്പിലാക്കുന്നവര്‍ നിരക്കു കുറയ്ക്കാത്തത് ഇരട്ടത്താപ്പാണെന്ന് ആക്ഷേപമുണ്ട്. 

കോഴിഫാമുകളില്‍ കഴിഞ്ഞ ദിവസം കോഴി വില കിലോയ്ക്ക് 65 രൂപയായിരുന്നു. ചില്ലറ വിപണിയില്‍ 80- 90 രൂപ നിരക്കിലായിരുന്നു വില്‍പന. ഹോട്ടലുകളിലേക്കു മൊത്തമായി എടുക്കുമ്പോള്‍ 75 രൂപ നിരക്കില്‍ നല്‍കും. ഹോട്ടലുകളില്‍ 120 മുതല്‍ 400 വരെയാണ് ചിക്കന്‍ വിഭവങ്ങളുടെ വില. ഷവായി, തന്തൂരി ഐറ്റങ്ങള്‍ക്കാണ് ഉയര്‍ന്ന വില. തലസ്ഥാനത്തു കോഴി ഫാമുകളില്‍ 63 രൂപയായിരുന്നു ഇന്നലത്തെ വിലയെങ്കില്‍, തമിഴ്നാട്ടില്‍ 55 രൂപയാണ്. അവിടെ ചില്ലറ വില്‍പന നടത്തിയത് 60 മുതല്‍ 65 രൂപ വരെ നിരക്കിലായിരുന്നു. തലസ്ഥാനത്തു ചിക്കന്‍ കൂടുതലും എത്തുന്നത് അതിര്‍ത്തി പ്രദേശമായ കളിയിക്കാവിളയില്‍ നിന്നാണ്. കേരളത്തിലെയും തമിഴ്നാട്ടിലെയും ഫാമുകളില്‍ കോഴി ഉല്‍പാദനം കൂടുകയും ആവശ്യക്കാര്‍ കുറയുകയും ചെയ്തതോടെ കോഴികള്‍ പലയിടത്തും കെട്ടിക്കിടക്കാന്‍ തുടങ്ങി. ഇതോടെ കോഴി വിലയും കുറഞ്ഞു. ഇതേ വിലയില്‍തന്നെ കോഴി വില മുന്നോട്ടു പോകുമെന്നു മൊത്തവിതരണ കച്ചവടക്കാര്‍ പറയുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad