മുംബൈ (www.evisionnews.co): ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും തെലുങ്ക്ദേശം പാര്‍ട്ടി നേതാവുമായ ചന്ദ്രബാബു നായിഡുവിന് അറസ്റ്റ് വാറന്റ്. മഹാരാഷ്ട്രയിലെ ധര്‍മബാദ് മജിസ്ട്രേറ്റ് കോടതിയിലാണ് വാറന്റ് പുറപ്പെടുവിച്ചത്. എട്ടു വര്‍ഷങ്ങള്‍ക്കു മുമ്പുള്ള കേസിലാണ് കോടതി ഇപ്പോള്‍ അറസ്റ്റു വാറന്റ് പുറപ്പെടുവിച്ചത്. 2010ല്‍ ഗോദാവരി നദിയില്‍ നടപ്പാക്കാനിരുന്ന ബബ്ലി അണക്കെട്ട് പദ്ധതിക്കെതിരെ സമരം ചെയ്ത കേസിലാണ് അറസ്റ്റ് വാറന്റ്.
ആന്ധ്രാ മുഖ്യമന്ത്രി ഉള്‍പ്പെടെ കേസിലെ പ്രതികളായ 15 പേരെ അറസ്റ്റ് ചെയ്ത് നാളെ ഹാജരാക്കണമെന്നാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. ആന്ധ്രാ-തെലുങ്കാന വിഭജനത്തിനു മുമ്പാണ് സമരം നടന്നത്. ചന്ദ്രബാബു നായിഡുവിനെ കൂടാതെ ആന്ധ്രാ ജലവിഭവ മന്ത്രി ദേവിനേനി ഉമേശ്വരറാവു, സാമൂഹികക്ഷേമവകുപ്പ് മന്ത്രി എന്‍.ആനന്ദ് ബാബു എന്നിവരും ഉള്‍പ്പെടും. സമരം നടക്കുമ്പോള്‍ ടിഡിപി എം.എല്‍.എയായിരുന്ന തെലുങ്കാന രാഷ്ട്രസമിതി നേതാവ് ജി. കമല്‍കറെയും കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്.
തെലുങ്കാനയുടെ താല്‍പര്യം സംരക്ഷിക്കുന്നതിനാണ് നായിഡു സമരത്തില്‍ പങ്കെടുത്തത്. അതിനാല്‍ അദ്ദേഹവും മറ്റു നേതാക്കളും കോടതിയില്‍ ഹാജരാകുമെന്ന് നായിഡുവിന്റെ മകനും സംസ്ഥാന ഐടി വകുപ്പ് മന്ത്രിയുമായ എന്‍.ലോകേഷ് പറഞ്ഞു. അതേസമയം, എട്ടു വര്‍ഷം മുമ്പുള്ള കേസ് ഇപ്പോള്‍ കുത്തിപ്പൊക്കിയതിനു പിന്നില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്ന് ടിഡിപി നേതാവ് ബുദ്ധ വെങ്കണ്ണ വിജയവാഡയില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

Post a Comment
0 Comments