തിരുവനന്തപുരം (www.evisionnews.co): പ്രളയശേഷം ദുരിതാശ്വസത്തിനെന്ന പേരില്‍ വാഹനങ്ങളില്‍ ചരക്കുകളെത്തിച്ചു നികുതിവെട്ടിപ്പ്. പ്രളയം കഴിഞ്ഞ് ഒരുമാസമായിട്ടും ദുരിതാശ്വാസമെന്ന ബാനറുമായി ലോറികളില്‍ ചരക്ക് കേരളത്തില്‍ എത്തുന്നുണ്ട്. എന്നാല്‍ ഈ ട്രക്കുകളില്‍ എന്തൊക്കെയുണ്ടെന്ന കാര്യത്തില്‍ വ്യക്തതയില്ല. ദുരിതാശ്വാസത്തിന്റെ പേരില്‍ വരുന്നവയായതുകൊണ്ടുതന്നെ മേല്‍നടപടികള്‍ക്ക് ജി.എസ്.ടി. വകുപ്പ് തയാറാകുന്നുമില്ല. ദുരിതാശ്വാസത്തിന്റെ പേരില്‍ ചരക്കുമായി വരുന്ന ചില വാഹനങ്ങള്‍ എറണാകുളം ജില്ലയില്‍ പിടികൂടിയപ്പോഴാണ് നികുതിവെട്ടിപ്പിന്റെ കള്ളത്തരം പുറത്തായത്.
ദുരിതാശ്വാസത്തിന് വരുന്ന സാധന സമാഗ്രികളായതുകൊണ്ടുതന്നെ ഇ-വേ ബില്‍ കര്‍ശനമാക്കിയിരുന്നില്ല. പലേടത്തുനിന്നും ശേഖരിച്ചുകൊണ്ടുവരുന്നവയായതുകൊണ്ട് അത് നിര്‍ബന്ധമാക്കാനും ബുദ്ധിമുട്ടുണ്ടായിരുന്നു. എന്നാല്‍ ഇത്തരത്തില്‍ വരുന്ന വാഹനങ്ങള്‍ എവിടേയ്ക്ക് പോകുന്നെന്നോ എത്ര ചരക്ക് കൊണ്ടുവരുന്നുണ്ടോയെന്ന് ആര്‍ക്കും ഒരുകണക്കുമില്ല. ദുരിതാശ്വാസത്തിന്റെ പേരില്‍ കൊണ്ടുവരുന്നവ വില്‍പ്പനയ്ക്കായി ഏതെങ്കിലും സ്ഥാപനങ്ങളില്‍ നല്‍കുന്നുണ്ടോയെന്ന് അറിയാനും കഴിയുന്നില്ല. ദുരിതബാധിതരെ സഹായിക്കാനെന്ന പേരിലായതുകൊണ്ട് ഇ-വേ ബില്‍ ചോദിക്കാന്‍ ജി.എസ്.ടി ഉദ്യോഗസ്ഥര്‍ മടികാണിക്കുന്നുണ്ട്. ഇക്കാര്യത്തിലെ ഇടപെടല്‍ തെറ്റായി വ്യാഖ്യാനിക്കപ്പെടുമെന്നു അവര്‍ക്ക് ആശങ്കയുണ്ട്.

Post a Comment
0 Comments