ഇടയിലക്കാട് (www.evisionnews.co): വാനരക്കൂട്ടത്തിലേക്ക് വാഹനമിടിച്ചപ്പോള്‍ സഹജീവികള്‍ക്കത് താങ്ങാവുന്നതിനും അപ്പുറത്തായിരുന്നു. കരഞ്ഞും ഒച്ചവെച്ചും മരച്ചില്ല കുലുക്കിയും അവ കൂട്ടത്തോടെ സങ്കടവും ദേഷ്യവും പ്രകടിപ്പിച്ചു. വേര്‍പാട് മിണ്ടാപ്രാണികള്‍ക്കും ഒരുപോലെയാണെന്ന സന്ദേശമായിരുന്നു ഇടയിലക്കാട് നഗവനത്തില്‍ നിന്നും ഓടിക്കൂടിയവര്‍ക്ക് പകര്‍ന്നുകിട്ടിയത്. ഇടയിലെക്കാട് കാവിലെ നാല്‍പ്പതോളമുള്ള വാനര സംഘത്തിലെ ഒരു കുഞ്ഞിനാണ് വ്യാഴാഴ്ച ഉച്ചയോടെ കാവിനടുത്ത റോഡില്‍ മിനിലോറിയിടിച്ച് ദാരുണാന്ത്യം സംഭവിച്ചത്.
തുടര്‍ന്ന് അതുവഴി വന്ന ഒരു സ്‌കൂട്ടര്‍ യാത്രികന്‍ ശവശരീരത്തിനടുത്തേക്ക് നീങ്ങിയതോടെ കുരങ്ങു പട വാഹനം വളഞ്ഞ് ഹെല്‍മറ്റ് കൈക്കലാക്കി പ്രതിഷേധിച്ചു. വാനരര്‍ക്ക് നിത്യവും ചോറൂട്ടുന്ന ചാലില്‍ മാണിക്കം ചോറ്റുപാത്രവുമായി എത്തിയതോടെ അവരുടെ സങ്കടം ഇരട്ടിച്ചു. കുരങ്ങുകളില്‍ ഭൂരിഭാഗവും എത്ര നിര്‍ബന്ധിച്ചിട്ടും ഉപ്പുചേര്‍ക്കാത്ത ചോറുരുള തിന്നാന്‍ അവര്‍ കൂട്ടാക്കിയില്ല. നാട്ടുകാര്‍ ചേര്‍ന്ന് ശവശരീരം കാവി നരികില്‍ തന്നെ കുഴികുത്തി സംസ്‌കരിച്ചു.
മൃതശരീരം എടുക്കുമ്പോഴും കുഴികുത്തുമ്പോഴും പ്രതിഷേധശബ്ദം മുഴക്കി മരച്ചില്ലകള്‍ കുലുക്കിയും സങ്കട ഭാവത്തോടെ തലതാഴ്ത്തിപ്പിടിച്ചും തങ്ങളുടെ കൂടപ്പിറപ്പിനെ യാത്രയാക്കുന്ന രംഗം കണ്ടു നിന്ന നാട്ടുകാരിലും നൊമ്പരത്തിന്റെ നീറ്റലായി. സന്ധ്യയായിട്ടും ഭൂരിഭാഗം കുരങ്ങുകളും ശവമടക്കിയ കുഴിയുടെ നേരെയുള്ള വേലിയില്‍ സങ്കടം സഹിക്കാനാകാതെ ദുഃഖത്തില്‍ മുങ്ങിനിന്ന അവസ്ഥയിലായിരുന്നു. റോഡിന്റെ തെക്കുഭാഗത്തുവെച്ച് സഞ്ചാരികള്‍ തീറ്റനല്‍കുന്നതിനിടെ റോഡ് മുറിച്ചു കടക്കുമ്പോള്‍ ഇതിനു മുമ്പും വാഹനങ്ങളുടെ പാച്ചിലിനിടയില്‍ കുരങ്ങുകള്‍ റോഡില്‍ ചതഞ്ഞരഞ്ഞ സംഭവമുണ്ടായിട്ടുണ്ട്.

Post a Comment
0 Comments