Type Here to Get Search Results !

Bottom Ad

മലബാര്‍ റിവര്‍ ക്രൂയിസ് ടൂറിസം പദ്ധതി: ജില്ലയിലെ കായല്‍ ടൂറിസത്തിന് പുത്തനുണര്‍വേകും


തൃക്കരിപ്പൂര്‍ (www.evisionnews.co): കഴിഞ്ഞ ദിവസം പറശ്ശിനിക്കടവില്‍ തറക്കല്ലിട്ട മലബാര്‍ റിവര്‍ ക്രൂയിസ് ടൂറിസം പദ്ധതി വലിയപറമ്പ പഞ്ചായത്തിലടക്കം കാസര്‍കോട് ജില്ലയിലെ കായല്‍ ടൂറിസത്തിന് പുത്തന്‍ ഉണര്‍വേകും. കണ്ണൂര്‍- കാസര്‍കോട് ജില്ലകളിലെ എട്ടുനദികള്‍ കേന്ദ്രീകരിച്ച് 325കോടി രൂപയുടെ പദ്ധതിയാണ് നടപ്പിലാക്കുന്നത്. ഇതില്‍ നാലുനദികള്‍ കാസര്‍കോട് ജില്ലയില്‍ ഉള്‍പ്പെടുന്നതാണ്. ചന്ദ്രഗിരി, തേജസ്വിനി, വലിയപറമ്പ, കവ്വായി എന്നീ പുഴകളും പുഴയുടെ തീരങ്ങളും കേന്ദ്രീകരിച്ചുള്ളതാണ് പദ്ധതി. ഇതിന്റെ ഭാഗമായി വലിയ പറമ്പയില്‍ ഹോം സ്റ്റേകള്‍ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം പഞ്ചായത്തില്‍ മാതൃക ടൂറിസം ഗ്രാമം പണിയും. 

മാടക്കാല്‍, മാവിലക്കടപ്പുറം തുടങ്ങി വിവിധ സ്ഥലങ്ങളിലായി പുതുതായി ബോട്ട് ടെര്‍മിനലുകള്‍ നിര്‍മിക്കും.ഓരോ തീം അനുസരിച്ചായിരിക്കും ഓരോ പദ്ധതികളും നടപ്പിലാക്കുക. പദ്ധതി പൂര്‍ത്തിയായാല്‍ അഞ്ചുവര്‍ഷത്തിനുള്ളില്‍ രണ്ടുലക്ഷം പേര്‍ക്ക് തൊഴില്‍ സാധ്യതകളും പ്രതീക്ഷിക്കുന്നു.

നിലവില്‍ ചെറുവത്തൂരിന്റെ തീരപ്രദേശങ്ങളായ കോട്ടപ്പുറം, പടന്ന, ഒരിയര, മാവിലക്കടപ്പുറം തുടങ്ങിയവ കേന്ദ്രീകരിച്ചുള്ള ഹൗസ് ബോട്ട് സര്‍വീസ് വിനോദ സഞ്ചാരികളെ ഏറെ ആകര്‍ഷിച്ചുവരുന്ന മേഖലയാണ്. ഇരുപതിലേറെ ബോട്ടുകള്‍ ഇവിടം കേന്ദ്രീകരിച്ച് സര്‍വീസ് നടത്തുന്നുണ്ട്. വിദേശ സ്വദേശ വിനോദ സഞ്ചാരികള്‍ ഈസൗകര്യം ഏര്‍പ്പെടുത്തുന്നുമുണ്ട്. തെക്കന്‍ മേഖലയെ അപേക്ഷിച്ച് ചെറിയ സര്‍വീസ് ചാര്‍ജ് ഈടാക്കിയാണ് ഹൗസ് ബോട്ടുകള്‍ ഓപ്പറേറ്റ് ചെയ്യുന്നത്. ഇടയിലക്കാട്, തെക്കേക്കാട്, മാടക്കാല്‍, ചെമ്പന്റെ മാട്, കവ്വായി തുടങ്ങിയുള്ള ദ്വീപുകള്‍ക്കിടയില്‍ കൂടിയുള്ള ബോട്ട് യാത്രവിനോദ സഞ്ചാരികള്‍ക്ക് പ്രത്യേക അനുഭവം പകരുന്നതാണ്. 

തീരങ്ങളില്‍ ഇടതൂര്‍ന്ന് നില്‍ക്കുന്ന കേരവൃക്ഷങ്ങളുടെ നിര, ഇടയിലക്കാട് കാവിലെ വാനര സങ്കേതം, പരിസരങ്ങളിലെ കണ്ടല്‍ വനങ്ങള്‍, അസ്തമനത്തിന്റെ സൗന്ദര്യം പേറിയുള്ള വലിയപറമ്പയിലെ അഴിമുഖം, കല്ലുമ്മക്കായ കൃഷി, ചകിരി ഉല്‍പന്നങ്ങളുടെ നിര്‍മാണം, ഏഴിമല നാവില്‍ അക്കാദമിയുടെ വിദൂര വീക്ഷണം തുടങ്ങി ബഹുമുഖങ്ങളായുള്ള കാഴ്ച്ചകള്‍ കവ്വായി കായലിന്റെ മാത്രം സ്വന്തമാണ്. അതുകൊണ്ടു വിവിധ പാക്കേജുകളുള്ള ബോട്ട് യാത്രക്കായി വിനോദ സഞ്ചാരികള്‍ ഏറെ തല്‍പരരാണ്. രണ്ടോ മൂന്നോ മാസങ്ങള്‍ക്ക് മുമ്പ് കണ്ണൂര്‍ വിമാനത്താവളം കൂടി പ്രവര്‍ത്തനക്ഷമമാകുന്നതോടെ പ്രദേശത്തേക്കുള്ള വിനോദ സഞ്ചാരികളുടെ എണ്ണവും ക്രമാതീതമായി വര്‍ധിക്കുകയും ചെയ്യും. അതുവഴി അനന്ത സാധ്യതകളാണ് ജില്ലയിലെ കായല്‍ ടൂറിസം പ്രതീക്ഷിക്കുന്നത്. അതുകൊണ്ടു തന്നെ സര്‍ക്കാരിന്റെ റിവര്‍ ക്രൂയിസ് ടൂറിസം പദ്ധതി ജില്ലയുടെ ടൂറിസം പദ്ധതിയുടെ മുഖത്തിന് നിറംപകരുമെന്ന പ്രത്യാശയിലാണ് നാട്ടുകാര്‍.

Post a Comment

0 Comments

Top Post Ad

Below Post Ad