Type Here to Get Search Results !

Bottom Ad

അഭിമന്യുവിന്റെ അരുംകൊല: എസ്ഡിപിഐ സംസ്ഥാന നേതാക്കളടക്കം 138 പേര്‍ കരുതല്‍ തടങ്കലില്‍


കൊല്ലം (www.evisionnews.co): മഹാരാജാസ് കോളജിലെ എസ്എഫ്ഐ പ്രവര്‍ത്തകന്‍ അഭിമന്യു കൊലക്കേസുമായി ബന്ധപ്പെട്ടു എസ്ഡിപിഐയുടെ സംസ്ഥാന- ജില്ലാ നേതാക്കളടക്കം കരുതല്‍ തടങ്കലിലെടുത്ത് പൊലീസ്. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നായി 138 പേരെയാണ് കരുതല്‍ തടങ്കലിലാക്കിയത്. എസ്.ഡി.പി.ഐ, പോപ്പുലര്‍ ഫ്രണ്ട്, കാമ്പസ് ഫ്രണ്ട് സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നവരാണിവര്‍.

ആലപ്പുഴയിലെ എസ്ഡിപിഐ സ്വാധീന മേഖലകളില്‍ പ്രതികള്‍ ഒളിവില്‍ കഴിയാന്‍ ശ്രമിച്ചേക്കാമെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണു പാര്‍ട്ടി ഓഫിസുകള്‍ കേന്ദ്രീകരിച്ചു പരിശോധന നടത്തിയത്. ജില്ലയില്‍ നിന്നു കസ്റ്റഡിയിലെടുത്ത എസ്ഡിപിഐ പ്രവര്‍ത്തകരുടെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. സംശയമുള്ളവരുടെ ഫോണ്‍ വിളികളുടെ വിശദാംശങ്ങളും പൊലീസ് ശേഖരിച്ചു തുടങ്ങി. മുന്‍പു സമാന സംഭവങ്ങളില്‍ പ്രതികളായ എസ്ഡിപിഐ പ്രവര്‍ത്തകരുടെ വിവരങ്ങളും പോലീസ് ശേഖരിക്കുന്നുണ്ട്.

പോപ്പുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റടക്കം മൂന്നു പേരെ കരുതല്‍ തടങ്കലില്‍ വച്ചതിനെത്തുടര്‍ന്നു പ്രവര്‍ത്തകര്‍ ചൊവ്വാഴ്ച രാത്രി മുഴുവനും ഇന്നലെ ഉച്ച വരെയും ആലപ്പുഴ മണ്ണഞ്ചേരി പൊലീസ് സ്റ്റേഷനു മുന്നില്‍ കുത്തിയിരിപ്പു നടത്തി. കസ്റ്റഡിയില്‍ എടുത്തവരുടെ പൊന്നാടും മണ്ണഞ്ചേരിയിലുമുള്ള വീടുകളില്‍ പൊലീസ് ഇന്നലെ ഉച്ചയോടെ റെയ്ഡ് നടത്തിയെങ്കിലും ഒന്നും കണ്ടെത്തിയില്ല. തുടര്‍ന്നു മൂന്നു പേരെയും ഇന്നലെ വൈകിട്ട് ഏഴോടെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.

കോതമംഗലത്ത് 14 പേര്‍ പിടിയിലായി. കോതമംഗലം, പോത്താനിക്കാട് പോലീസ് സ്റ്റേഷനുകളില്‍ അഞ്ചുപേര്‍ വീതവും ഊന്നുകല്‍ സ്റ്റേഷനില്‍ നാലു പേരുമാണ് അറസ്റ്റിലായത്. പ്രൊഫ. ടി.ജെ. ജോസഫിന്റെ കൈ വെട്ടിയ കേസിലെ പ്രതികളും ഇതില്‍ ഉള്‍പ്പെടുന്നു. ചോദ്യംചെയ്ത ശേഷം ഇവരെ ജാമ്യത്തില്‍ വിട്ടയച്ചു. മൂവാറ്റുപുഴയില്‍ 18 എസ്.ഡി.പി.ഐ, പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ കരുതല്‍ തടങ്കലിലാക്കി. ഇതില്‍ ഒരാള്‍ കൈവെട്ട് കേസിലെ പ്രതിയാണ്. കൈവെട്ട് കേസിലെ 13 പേരും പോലീസ് അന്വേഷണത്തിലാണ്. 

Tags

Post a Comment

0 Comments

Top Post Ad

Below Post Ad