ന്യൂഡല്‍ഹി (www.evisionnews.co): ഒഴിവ് വന്ന രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കിയ തീരുമാനത്തില്‍ കോണ്‍ഗ്രസില്‍ വിമതസ്വരം ഉയര്‍ത്തി യുവ എംഎല്‍എമാര്‍. കോണ്‍ഗ്രസിന്റെ തീരുമാനത്തിനെതിരെ എതിര്‍പ്പുമായി ആറ് യുവ എം.എല്‍.എമാര്‍ രംഗത്തെത്തിയിട്ടുണ്ട്. ഇവര്‍ എല്ലാവരും കോണ്‍ഗ്രസ് അധ്യഷന്‍ രാഹുല്‍ ഗാന്ധിക്ക് പരാതി അറിയിച്ച് കത്തയച്ചു. ഷാഫി പറമ്പില്‍, ഹൈബി ഈഡന്‍, കെ.എസ് ശബരീനാഥ്, അനില്‍ അക്കര, വി.ടി ബല്‍റാം, റോജി എം. ജോണ്‍ എന്നിവരാണ് പരാതി അയച്ചത്.
കെ.പി.സി.സി സെക്രട്ടറി കെ.ജയന്ത് സ്ഥാനം രാജിവച്ചു. കോണ്‍ഗ്രസില്‍ തുടരുമെന്ന് ജയന്ത് വിശദീകരിച്ചു. എല്ലാവരും ഉള്‍ക്കൊള്ളുന്ന പൊതുസ്ഥിരം ധാരണ വേണമെന്ന് തിരുവഞ്ചൂര്‍ പറഞ്ഞു. സീറ്റ് മാത്രല്ല, എല്ലാ തര്‍ക്കങ്ങളും പരിഗണിക്കണമെന്നും തിരുവഞ്ചൂര്‍ ആവശ്യപ്പെട്ടു. സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കിയതിലൂടെ കോണ്‍ഗ്രസ് നേതൃത്വം കെ.എം മാണിക്ക് മുന്നില്‍ കീഴടങ്ങിയെന്ന് മുന്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ ആരോപിച്ചു. ഈതീരുമാനത്തിന് കോണ്‍ഗ്രസ് കനത്ത വില നല്‍കേണ്ടിവരും. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മനോവീര്യം കെടുത്ത നടപടിയാണ് ഉണ്ടായതെന്നും സുധീരന്‍ പറഞ്ഞു.
രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് നല്‍കിയ തീരുമാനത്തിന് പിന്നില്‍ ഉമ്മന്‍ചാണ്ടിയാണെന്ന് കോണ്‍ഗ്രസ് രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ കുര്യന്‍ പ്രതികരിച്ചു. ഈ കളിക്ക് പിന്നില്‍ ഉമ്മന്‍ ചാണ്ടിയാണെന്നും അദേഹം പറഞ്ഞു. അറിഞ്ഞ് കൊണ്ട് തോറ്റുകൊടുക്കുകയായിരുന്നു. യുവ നേതാക്കള്‍ പ്രതികരിച്ചത് ഉമ്മന്‍ ചാണ്ടിയുടെ അറിവോടെയാണെന്നും കുര്യന്‍ ആരോപിച്ചു. എകപക്ഷീയമായ തീരുമാനമാണ് ഉണ്ടായതെന്നും പാര്‍ട്ടിയില്‍ രാജ്യസഭ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കുന്നതിനെ കുറിച്ച് ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്നും പി.ജെ കുര്യന്‍ പറഞ്ഞു.

Post a Comment
0 Comments