തിരുവനന്തപുരം (www.evisionnews.co): ട്രാഫിക് മുന്നറിയിപ്പ് ബോര്‍ഡില്‍ പരസ്യം വെക്കാനെന്ന പേരില്‍ ഏജന്റിനെ വെച്ച് പണം പിരിച്ച എസ്.ഐയ്ക്ക് സസ്‌പെന്‍ഷന്‍. കണ്ണൂര്‍ ടൗണ്‍ സ്റ്റേഷനിലെ അഡീഷണല്‍ എസ്.ഐ അബ്ദുല്‍ നാസറിനെയാണ് സസ്‌പെന്റ്് ചെയ്തത്. ഡി.വൈ.എസ്.പി പി.പി സദാനന്ദന്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
കണ്ണൂര്‍ നഗരത്തിലെ റോഡില്‍ പരസ്യ ബോര്‍ഡ് സ്ഥാപിക്കാനെന്ന പേരിലായിരുന്നു പിരിവ്. ബോര്‍ഡ് സ്ഥാപിക്കുന്ന ഒരാളാണ് എസ്ഐയുടെ നിര്‍ദ്ദേശപ്രകാരം പണപിരിവ് നടത്തിയത്. നഗരത്തിലെ വ്യാപാരികളില്‍ നിന്ന് 52,000 രൂപയാണ് ഇതിലൂടെ പിരിച്ചെടുത്തത്. പണം വാങ്ങിയിട്ടും ബോര്‍ഡ് സ്ഥാപിക്കാതിരുന്നതിനാല്‍ വ്യാപാരികള്‍ ട്രാഫിക് പോലീസുമായി ബന്ധപ്പെട്ടപ്പോഴാണ് പിരിവിന്റെ വിവരം ഉദ്യോഗസ്ഥര്‍ അറിയുന്നത്.
വ്യാപാരികളുടെ പരാതിയെ തുടര്‍ന്ന് ഡി.വൈ.എസ്.പി നടത്തിയ അന്വേഷണത്തിലാണ് പണപിരിവ് നടത്തിയതായി തെളിഞ്ഞത്. പിരിവു നടത്തിയ ഏജന്റിനെ കണ്ടെത്തി ചോദ്യം ചെയ്തപ്പോള്‍ ബോര്‍ഡ് സ്ഥാപിക്കാന്‍ എസ്ഐ തന്നോടാവശ്യപ്പെട്ടതായി യുവാവ് മൊഴി നല്‍കി. പണം പിരിച്ചെടുത്ത വ്യാപാരികളില്‍നിന്നും മൊഴിയെടുത്തു. എസ്ഐ നേരിട്ട് വിളിച്ചു പറഞ്ഞതിനാലാണ് പണം നല്‍കിയതെന്ന് വ്യാപാരികളില്‍ ചിലര്‍ പറഞ്ഞു. പിരിച്ച പണം എസ്ഐ വ്യാപാരികള്‍ക്ക് തിരിച്ചുനല്‍കി.
എന്നാല്‍, ട്രാഫിക് പോലീസ് സ്റ്റേഷനിലോ അവിടത്തെ എസ്.ഐക്കോ പണപ്പിരിവ് നടത്തിയ സംഭവത്തെക്കുറിച്ച് അറിവുണ്ടായിരുന്നില്ലെന്ന് ഡി.വൈ.എസ്.പി അറിയിച്ചു. ട്രാഫിക്കുമായി ബന്ധപ്പെട്ട ഒരു ചുമതലയും അബ്ദുല്‍ നാസറിനുണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പണം വാങ്ങിയെന്ന് ബോധ്യപ്പെട്ടതോടെ എസ്.പിക്ക് റിപ്പോര്‍ട്ട് നല്‍കുകയും സസ്‌പെന്റ് ചെയ്യുകയുമായിരുന്നു.

Post a Comment
0 Comments