കാസര്‍കോട് (www.evisionnews.co): കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം വെച്ചുമാറുന്നത് മാറുന്നത് സംബന്ധിച്ച് വീണ്ടും ചര്‍ച്ച ചൂടുപിടിക്കുന്നു. വയനാട് ജില്ലാ പഞ്ചായത്തില്‍ പ്രസിഡണ്ട് സ്ഥാനം വഹിക്കുന്ന കോണ്‍ഗ്രസ് മുസ്ലിം ലീഗിന് ഭരണംവെച്ചുമാറിയ സാഹചര്യത്തിലാണ് കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം കോണ്‍ഗ്രസിന് വിട്ടുനല്‍കുന്നത് സംബന്ധിച്ചുള്ള ചര്‍ച്ചക്ക് വീണ്ടും ജീവന്‍ വെച്ചത്.
2015 നവംബറില്‍ ഏറെരാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായി മുസ്ലിം ലീഗിലെ എ.ജി.സി ബഷീര്‍ ചുമതലയേറ്റത്. വൈസ് പ്രസിഡണ്ടായി കോണ്‍ഗ്രസ് എ. വിഭാഗത്തില്‍ നിന്നുള്ള ശാന്തമ്മ ഫിലിപ്പും ചുമതലയേറ്റു. എന്നാല്‍ വയനാട് ജില്ലാ പഞ്ചായത്ത് സ്ഥാനം കോണ്‍ഗ്രസ് മുസ്ലിം ലീഗിന് കൈമാറുന്ന മുറക്ക് കാസര്‍കോട്ട് മുസ്ലിംലീഗ് കോണ്‍ഗ്രസിന് ഭരണം വെച്ചുമാറണമെന്ന് മുന്നണി ബന്ധമെന്ന നിലയ്ക്ക് സംസ്ഥാനതലത്തില്‍ ധാരണയുണ്ടായിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം കോണ്‍ഗ്രസ് മുസ്ലിം ലീഗിന് വിട്ടുനല്‍കിയെങ്കിലും കാസര്‍കോട്ട് ഇതുവരെയും തീരുമാനമായില്ല.
രണ്ടര വര്‍ഷത്തിന് ശേഷം വെച്ചുമാറാമെന്ന ധാരണയിലാണ് മുസ്ലിം ലീഗ് പ്രസിഡണ്ട് സ്ഥാനം വഹിച്ചതെന്നും വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം മുസ്ലിം ലീഗിന് വിട്ടുനല്‍കുന്ന മുറയ്ക്ക് കാസര്‍കോട്ടും കോണ്‍ഗ്രസിന് ഭരണം വിട്ടുനല്‍കാനുമാണ് പറഞ്ഞുകേട്ടതെന്നും ബി.ജെ.പി ജില്ലാ പ്രസിഡണ്ടും ജില്ലാ പഞ്ചായത്ത് അംഗവുമായ അഡ്വ. കെ ശ്രീകാന്ത് ഇവിഷന്‍ ന്യൂസിനോട് പറഞ്ഞു. എന്നാല്‍ വയനാട് ജില്ലാ പഞ്ചായത്ത് സ്ഥാനം കൈമാറ്റം നടന്നിട്ടും കാസര്‍കോട്ടെ കൈമാറ്റം സംബന്ധിച്ച്് തീരുമാനമായില്ല. കോണ്‍ഗ്രസിന് പ്രസിഡണ്ട് സ്ഥാനം ചോദിക്കാന്‍ പോലും ധൈര്യമില്ലെന്നും കോണ്‍ഗ്രസ് നേതൃത്വം മുസ്ലിം ലീഗിന് പൂര്‍ണമായി അടിമപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ബി.ജെ.പിയുടെ പിന്തുണ സംബന്ധിച്ച് മുസ്ലിം ലീഗ് ഉയര്‍ത്തുന്ന കാര്യങ്ങള്‍ ഭരണം നിലനിര്‍ത്താനുള്ള അടവുനയമാണ്. ജില്ലയില്‍ ബിജെപിയെ സംബന്ധിച്ചെടുത്തോളം മുഖ്യ ശത്രു മുസ്ലിം ലീഗാണ്. കോണ്‍ഗ്രസോ സിപിഎം ഭരണത്തില്‍ വരുന്നതിനോട് ബിജെപിക്ക് വിയോജിപ്പില്ലെന്നും ശ്രീകാന്ത് കൂട്ടിച്ചേര്‍ത്തു.
അതേസമയം അധികാര കൈമാറ്റം രാഷ്ട്രീയ കരുനീക്കങ്ങള്‍ക്ക് വഴിയൊരുക്കുമെന്നും ബി.ജെ.പി സി.പി.എമ്മിനെ പിന്തുണച്ചാല്‍ ഭരണ പ്രതിസന്ധിയുണ്ടാവുമെന്നുമാണ് മുസ്ലിം ലീഗിന്റെ നിലപാട്. പ്രസിഡണ്ട് സ്ഥാനം കോണ്‍ഗ്രസുമായി പങ്കിടുന്നത് സംബന്ധിച്ച് ധാരണയുണ്ടായിട്ടില്ലെന്നും അതുകൊണ്ട് തന്നെ ഭരണം വിട്ടുനല്‍കേണ്ടതുമില്ലെന്നുമാണ് ഇതുസംബന്ധിച്ച് അടുത്തിടെ നടന്ന പാര്‍ട്ടി യോഗത്തില്‍ തീരുമാനമുണ്ടായത്. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം കൈമാറുന്നത് സംബന്ധിച്ചുള്ള ബി.ജെ.പി നേതാവ് അഡ്വ. കെ ശ്രീകാന്തിന്റെ പ്രസ്താവന വരുംനാളുകളില്‍ കൂടുതല്‍ ചൂടേറിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുമെന്ന് തന്നെയാണ് വിലയിരുത്തപ്പെടുന്നത്.
Keywords: Kasaragod, District, Pachayath, Agc basheer, KShrikanth, Iuml, Congress, Jilla Panchayath President

Post a Comment
0 Comments