Type Here to Get Search Results !

Bottom Ad

കേന്ദ്ര മെഡിക്കല്‍ കോളജ് ജില്ലയില്‍ തന്നെവേണം: ആക്ഷന്‍ കൗണ്‍സില്‍ വി.സിക്ക് നിവേദനം നല്‍കി


കാസര്‍കോട് (www.evisionnews.co): പെരിയയില്‍ പ്രവര്‍ത്തിച്ചുവരുന്ന കേന്ദ്ര സര്‍വകലാശാലയോടനുബന്ധിച്ച് സ്ഥാപിക്കാനുദ്ദേശിക്കുന്ന കേന്ദ്ര മെഡിക്കല്‍ കോളജ് കാസര്‍കോട് ജില്ലയില്‍ തന്നെ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പി. കരുണാകരന്‍ എം.പിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച കേന്ദ്ര സര്‍വ കലാശാല ഓഫ് കേരള മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ആക്ഷന്‍ കൗണ്‍സില്‍ കേന്ദ്ര സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്ക് നിവേദനം നല്‍കി. 

എം.പിയുടെ നേതൃത്വത്തില്‍ നേരത്തെ വിളിച്ചുചേര്‍ത്ത സര്‍വ്വകക്ഷി യോഗത്തെ തുടര്‍ന്നാണ് എം.പി ചെയര്‍മാനും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീര്‍ കണ്‍വീനറായും ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചത്. കേന്ദ്ര മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ജില്ലയില്‍ തന്നെ സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളുടെ ഏകോപനമാണ് ആക്ഷന്‍ കൗണ്‍സിലിന്റെ പ്രവര്‍ത്തനങ്ങളിലൂടെ ഉദ്ദേശിക്കുന്നത്. നിലവില്‍ വിവിധ ഡിപ്പാര്‍ട്ടുമെന്റുകള്‍ കേന്ദ്ര സര്‍വകലാശാലയുടെ പെരിയ ക്യാമ്പസില്‍ തന്നെ പ്രവര്‍ത്തിച്ചുവരികയാണ്. ക്യാമ്പസിനോടനുബന്ധിച്ച് തന്നെ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നതിനുള്ള സ്ഥല ലഭ്യത ഉറപ്പുവരുത്താന്‍ സാധിക്കുമെന്നും സംസ്ഥാന സര്‍ക്കാര്‍ ഇതു സംബന്ധിച്ച പിന്തുണ ഉറപ്പുനല്‍കിയിട്ടുണ്ടെന്നും നിവേദനത്തില്‍ സൂചിപ്പിച്ചു.

സംസ്ഥാനത്തിലെ മറ്റ് ജില്ലകളെ അപേക്ഷിച്ച് മെഡിക്കല്‍ കോളജ് ഇല്ലാത്ത ഏകജില്ല എന്ന നിലയിലും എന്‍ഡോസള്‍ഫാന്‍ പ്രശ്‌നങ്ങളുള്‍പ്പെടെ നിരവധിയായ ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്ന പിന്നോക്ക ജില്ലയെന്ന നിലയിലും കേന്ദ്ര സര്‍വകലാശാലയോടനുബന്ധിച്ച് ആരംഭിക്കാനുദ്ദേശിക്കുന്ന മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ജില്ലയില്‍ തന്നെ സ്ഥാപിക്കണമെന്ന് ആവശ്യപ്പെടുന്ന നിരവധി നിര്‍ദ്ദേശങ്ങളും നിവേദനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സര്‍വകലാശാലയുടെ അടുത്ത വാര്‍ഷിക ബജറ്റില്‍ തന്നെ ഇന്‍സ്റ്റിറ്റ്യൂട്ട് ആരംഭിക്കുന്നതിനുള്ള തുക വകയിരുത്താനുള്ള ഇടപെടലുകള്‍ അധികൃതരുടെ ഭാഗത്ത നിന്നും ഉണ്ടാകണമെന്നും ആക്ഷന്‍ കൗണ്‍സില്‍ നിവേദനത്തിലൂടെ ആവശ്യപ്പെട്ടു. പി. കരുണാകരന്‍ എം.പി, എ.ജി.സി ബഷീര്‍, ഹക്കീം കുന്നില്‍, ബങ്കളം കുഞ്ഞികൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്നാണ് വൈസ് ചാന്‍സലറിന് നിവേദനം നല്‍കിയത്.

Post a Comment

0 Comments

Top Post Ad

Below Post Ad