തിരുവനന്തപുരം (www.evisionnews.co): നിപ്പ വൈറസ് ബാധ കോഴികളിലൂടെയാണ് പകരുന്നതെന്ന വ്യാജസന്ദേശം പ്രചരിപ്പിച്ച യുവാവിനെതിരെ പോലീസ് കേസെടുത്തു. മൂവാറ്റുപുഴ സ്വദേശി പി.എം സുനില്‍ കുമാറിനെതിരെയാണ് പോലീസ് കേസെടുത്തത്. വാട്സാപ്പ് ഗ്രൂപ്പ് വഴി പ്രചരിപ്പിച്ച സന്ദേശം ആദ്യംപോസ്റ്റ് ചെയ്ത മൊബൈല്‍ നമ്പറാണ് പ്രതിയെ തിരിച്ചറിയാന്‍ സഹായിച്ചത്. നിപ്പ വൈറസ് പകരുന്നത് കോഴിയിറച്ചിയിലൂടെയാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ സന്ദേശമെന്ന രീതിയിലായിരുന്നു പ്രചരണം.
ആരോഗ്യവകുപ്പിന്റെ സീല്‍ അടക്കം വ്യാജമായി സന്ദേശത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. വാട്സആപ്പിലാണ് വ്യാജ പ്രചരണം കൂടുതലായി നടന്നത്. ഇതോടെ നിപാ വൈറസ് പനി ബ്രോയിലര്‍ കോഴികളിലൂടെ പകരുന്നുവെന്ന രീതിയില്‍ ഡി.എം.ഒ സന്ദേശമാണെന്നും പ്രചരിക്കുന്നത് വ്യാജവാര്‍ത്തയാണെന്നും ഇന്നലെ ആരോഗ്യ വകുപ്പ് വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ ആദ്യം സന്ദേശം പോസ്റ്റു ചെയ്ത വ്യക്തിയെ തിരിച്ചറിഞ്ഞത്.

Post a Comment
0 Comments