കാഞ്ഞങ്ങാട് (www.evisionnews.co): സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ വീണ്ടും മറന്നതോടെ എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി പുതിയ സമരമുഖം തുറക്കുന്നു. നേരത്തെ സെക്രട്ടറിയേറ്റിലടക്കം സൂചനാസമരം നടത്തിയ ജനകീയ മുന്നണിയെ പല തരത്തിലുമുള്ള വാഗ്ദാനം നല്‍കിയാണ് സമരമുഖത്ത് നിന്നും സര്‍ക്കാര്‍ മാറ്റിയത്. ചുരുക്കിയ എന്‍ഡോസള്‍ഫാന്‍ ലിസ്റ്റ് പുന പരിശോധിക്കുമെന്ന് അന്ന് വാഗ്ദാനം നല്‍കിയിരുന്ന സര്‍ക്കാര്‍ ഇപ്പോള്‍ അതുപാടെ മറന്നിരിക്കുകയാണ്. 1905 പേരുണ്ടായിരുന്ന എന്‍ഡോസള്‍ഫാന്‍ പട്ടിക വെറും 257 പേരിലേക്കാണ് ചുരുക്കിയത്. സെക്രട്ടറിയേറ്റില്‍ സമരത്തിനായി പോയ സമയത്ത് പീഡിത മുന്നണിയുടെ പ്രധാന ആവശ്യമായിരുന്നു ലിസ്റ്റ് പരിശോധിക്കുകയെന്നത്. എന്നാല്‍ ഇതുവരെയും അതിന് സര്‍ക്കാര്‍ തയാറായില്ല.
മുഴുവന്‍ എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ക്കും അഞ്ചുലക്ഷം രൂപ നല്‍കണമെന്നുള്ള സുപ്രിംകോടതി വിധിയും നേരത്തെ പാലിക്കാമെന്ന് സര്‍ക്കാര്‍ പറഞ്ഞുവെങ്കിലും അത് നടപ്പിലായിട്ടില്ല. കടം മൂന്നുലക്ഷം രൂപവരെ എഴുതി തള്ളുമെന്നും വാക്ക് നല്‍കിയിരുന്നു. അതും പാഴ് വാക്കായി. അതുകൊണ്ട് തന്നെയാണ് വീണ്ടുമൊരു സമരത്തിനായി എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി തീരുമാനിച്ചിരിക്കുന്നത്. സമരത്തിന്റെ ആദ്യഘട്ട മെന്ന നിലയില്‍ മെയ് ഒമ്പതിന് എന്‍ഡോസള്‍ഫാന്‍ ലിസ്റ്റ് പുനപരിശോധിക്കേണ്ട എന്‍.എച്ച്.എമ്മിന് കീഴിലുള്ള പുതിയ കോട്ടയിലുള്ള ഡിസ്ട്രിക്റ്റ് പ്രോഗ്രാം മാനേജര്‍ ഓഫിസിലേക്ക് മാര്‍ച്ച് നടത്തുമെന്നും അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ അറിയിച്ചു.

Post a Comment
0 Comments