കാസര്‍കോട് (www.evisionnews.co): ഫാസിസത്തിനും അക്രമരാഷ്ട്രീയത്തിനുമെതിരെ കെപിസിസി പ്രസിഡണ്ട് എംഎം ഹസന്‍ നയിക്കുന്ന സംസ്ഥാനതല ജനമോചനയാത്രയില്‍ ആര്‍എസ്എസുകാര്‍ കൊലപ്പെടുത്തിയ റിയാസ് മൗലവിയെ മറന്ന കോണ്‍ഗ്രസ് നിലപാടിനെതിരെ കാസര്‍കോട്ട് പ്രതിഷേധമുയരുന്നു.
ഏപ്രില്‍ ഏഴിനാണ് ഹസന്റെ നേതൃത്വത്തിലുള്ള മോചനയാത്രക്ക് കാസര്‍കോട്ട് തുടക്കമിടുന്നത്. ജനമോചനയാത്രയുടെ പ്രചാരണ കമ്മിറ്റി ജില്ലയിലുടനീളം സ്ഥാപിച്ച ഫ്‌ളക്‌സ് ബോര്‍ഡില്‍ സിപിഎമ്മിന്റെയും ഹിന്ദുത്വവാദികളുടെയും കൊലക്കത്തിക്കിരയായവരുടെ ഛായാചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയപ്പോള്‍ കാസര്‍കോട്ട് ചൂരിയില്‍ കൊലചെയ്യപ്പെട്ട മദ്രസാധ്യാപകന്‍ റിയാസ് മൗലവിയുടെ ചിത്രമാണ് ഒഴിവാക്കപ്പെട്ടത്.
അതേസമയം വധിക്കപ്പെട്ട ആര്‍എംപി സ്ഥാപകന്‍ ഒഞ്ചിയത്തെ ടി.പി ചന്ദ്രശേഖരന്റെയും കണ്ണൂരിലെ അരിയില്‍ ഷുക്കൂറിന്റെയും അട്ടപ്പാടിയിലെ മധുവിന്റെയും ചിത്രങ്ങള്‍ ഫ്ളക്സിലുണ്ട്. ഹിന്ദുത്വവാദികള്‍ കൊലപ്പെടുത്തിയ ഗൗരിലങ്കേഷ്, എംഎം കല്‍ബുര്‍ഗി, നരേന്ദ്രധാബോല്‍ക്കര്‍, ഗോവിന്ദ് പന്‍സാരെ എന്നിവരുടെയും ജീവന്‍ തുടിക്കുന്ന ചിത്രങ്ങളാണ് ഫ്ളക്സില്‍ സ്ഥാനം പിടിച്ചിട്ടുള്ളത്.
ഒരു വര്‍ഷം മുമ്പാണ് മടിക്കേരി സ്വദേശിയായ റിയാസ് മൗലവിയെ കാസര്‍കോട്ടെ ആര്‍എസ്എസ് ഗുണ്ടാസംഘം ചൂരിയിലെ പള്ളിയോട് ചേര്‍ന്ന കിടപ്പുമുറിയില്‍ അര്‍ധരാത്രിയില്‍ കഴുത്തറുത്തും വെട്ടിയും കൊലപ്പെടുത്തിയത്. ഈ നിഷ്ഠൂര വധം നിയമസഭക്കകത്തും പുറത്തും മാധ്യമങ്ങളിലും വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. കാസര്‍കോട്ടാകെ വര്‍ഗീയ കലാപം അഴിച്ചുവിടാനുള്ള സംഘ്പരിവാരിന്റെ ഗൂഢാലോചനയുടെ ഫലമായിരുന്നു ആസൂത്രിതമായി നടത്തിയ കൊലപാതകം. ഇതിനെതിരെ കേരളീയ സമൂഹവും പ്രവാസിലോകവും അതിശക്തമായാണ് പ്രതികരിച്ച് വര്‍ഗീയക്കൊലയില്‍ അമര്‍ഷം രേഖപ്പെടുത്തിയത്.
കൊലപാതകത്തിന് ശേഷം റിയാസ് മൗലവിയെ കൊലപ്പെടുത്തിയ പള്ളിയിലും മറ്റും കോണ്‍ഗ്രസിന്റെതടക്കമുള്ള നേതാക്കള്‍ സന്ദര്‍ശനം നടത്തിയിരുന്നു. കൊലപാതകത്തിലുള്ള പ്രതിഷേധച്ചൂട് നിലനില്‍ക്കുന്നതിനിടയിലാണ് കെപിസിസി പ്രസിഡണ്ട് എം.എം ഹസന്‍ ജനമോചനയാത്ര ഏപ്രില്‍ ഏഴിന് കാസര്‍കോട് നിന്നും പ്രയാണമാരംഭിക്കുന്നത്. ഇതിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങളിലാണ് റിയാസ് മൗലവിയെ മറന്നുകളഞ്ഞ നടുക്കുന്ന നടപടിയുണ്ടായത്. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഈ നിലപാടിനെതിരെ പ്രവര്‍ത്തകര്‍ക്കിടയിലും ശക്തമായ അമര്‍ഷം ഉയര്‍ന്നിട്ടുണ്ട്. അതിനിടെ ചൂരിയില്‍ ആര്‍.എസ്.എസ് ക്രിമിനലുകളാല്‍ കൊലചെയ്യപ്പെട്ട റിയാസ് മൗലവിയുടെ ചിത്രം ഉള്‍പ്പെടുത്തി ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിക്കാനൊരുങ്ങുകയാണ് ചില പ്രാദേശിക കമ്മിറ്റികള്‍.

Post a Comment
0 Comments