ന്യൂഡല്‍ഹി (www.evisionnews.co): ഹാദിയ കേസില്‍ ഹൈക്കോടതിക്ക് സുപ്രീം കോടതിയുടെ രൂക്ഷവിമര്‍ശനം. ഇന്ത്യന്‍ പൗരന്‍ എന്ന നിലയില്‍ ഓരോ വ്യക്തിക്കും സ്വന്തം ജീവിത പങ്കാളികളെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് സുപ്രീം കോടതി പറഞ്ഞു. ഹാദിയയുടെയും ഷെഫിന്‍ ജഹാന്റെയും വിഷയത്തില്‍ നിരോധിത മേഖലയിലാണ് കേരള ഹൈക്കോടതി കൈകടത്തിയിരിക്കുന്നതെന്നും സുപ്രീം കോടതി വിമര്‍ശിച്ചു. ഹാദിയ കേസില്‍ തിങ്കളാഴ്ച പുറത്തിറക്കിയ പൂര്‍ണ വിധിന്യായത്തിലാണ് സുപ്രീം കോടതിയുടെ വിമര്‍ശനം. ഹൈക്കോടതിയുടെ വീഴ്ചകള്‍ ഓരോന്നായി സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
ഹാദിയയുടെ താല്‍പ്പര്യം മനസ്സിലാക്കിയിട്ടും ഷഫീന്‍ ജഹാനൊപ്പം അയക്കാതിരുന്ന കേരള ഹൈക്കോടതി നടപടിയെ സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചു. ചില സാമൂഹിക സാഹചര്യങ്ങള്‍ ഹൈക്കോടതിയെ തെറ്റായി നയിച്ചതായി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് ഖന്‍വില്‍ക്കര്‍ എന്നിവരെഴുതിയ വിധിയില്‍ പറയുന്നു.
ആദ്യ ഹര്‍ജിയില്‍ ഹാദിയയെ ഷഫീന്‍ ജഹാനൊപ്പം പോകാന്‍ അനുവദിച്ച ഹൈക്കോടതിതന്നെ അച്ഛന്‍ അശോകന്‍ നല്‍കിയ രണ്ടാം ഹേബിയസ് കോര്‍പ്പസില്‍ അതിനനുവദിച്ചില്ല. പ്രായപൂര്‍ത്തിയായ ഒരാള്‍ക്ക് ജീവിതപങ്കാളിയെ തിരഞ്ഞെടുക്കുന്നതിന് രക്ഷിതാക്കളുടെ സ്നേഹം തടസ്സമല്ലെന്നകാര്യം ഹൈക്കോടതി കണക്കിലെടുത്തില്ല. ഹാദിയക്ക് ഇഷ്ടമുള്ളിടത്തേക്ക് പോകാന്‍ ഹൈക്കോടതി അനുവദിക്കണമായിരുന്നു.
ഹാദിയയുടെ വിഷയത്തില്‍ മുസ്ലിം നിയമപ്രകാരം സാധുവായ വിവാഹത്തിനുവേണ്ട നിബന്ധനകളൊന്നും തന്നെ ലംഘിക്കപ്പെട്ടിട്ടില്ലെന്നും സുപ്രിംകോടതി ബെഞ്ച് ചൂണ്ടിക്കാട്ടി. ഹാദിയയുടെ അവകാശങ്ങളെ അംഗീകരിക്കാതിരിക്കുക വഴി ഇന്ത്യന്‍ പൗരന്‍മാരുടെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തിനുമേലാണ് ഹൈക്കോടതി കൈവച്ചതെന്നും സുപ്രീം കോടതി വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടി. അഖില എന്ന ഹാദിയ എന്നതിന് പകരം ഹാദിയ എന്നു മാത്രമാണ് ഹാദിയക്കേസ് അവസാന വിധിപ്രസ്താവനയില്‍ സുപ്രീംകോടതി മൂന്നംഗ ബെഞ്ച് ഉപയോഗിച്ചത്.

Post a Comment
0 Comments