കാസര്‍കോട് (www.evisionnews.co): മലബാറിലെ പ്രത്യേകിച്ച് മലപ്പുറത്തിന്റെ മനുഷ്യബന്ധങ്ങളുടെ കഥപറയുന്ന സുഡാനി ഫ്രം നൈജീരിയ മലയാളികള്‍ ഒന്നാകെ നെഞ്ചേറ്റുന്നതിനിടെ വിവാദ പരാമര്‍ശങ്ങളുമായി നടന്‍ സുരാജ് വെഞ്ഞാറമൂട്. മലപ്പുറത്തെ സെവന്‍സ് ഫുട്‌ബോള്‍ പശ്ചാത്തലത്തില്‍ നിര്‍മിച്ച സുഡാനി സിനിമയെ കുറിച്ചുള്ള ഫേസ്ബുക്കില്‍ നടത്തിയ പ്രതികരണകുറിപ്പിലാണ് മുസ്ലിം ലീഗിനെയും കുഞ്ഞാലിക്കുട്ടിയെയും പരിഹസിച്ച് സുരാജ് വെഞ്ഞാറമൂട് രംഗത്തെത്തിയത്.
മനുഷ്യര്‍ പരസ്പരം ചാര്‍ത്തിക്കൊടുക്കുന്ന എല്ലാതരം വേര്‍തിരിവുകളെയും മായ്ച്ച് കളഞ്ഞ് സ്‌നേഹത്തിന്റെ ഭാഷ സംസാരിക്കുന്ന സിനിമയില്‍ മലപ്പുറം എന്ന ഭൂമികയെ ഇതുവരെ സിനിമകളില്‍ കാണിച്ച അധോലോക പരിവേഷത്തില്‍ നിന്നും മാറ്റി മാനവീകതയുടെ പറുദീസയാണെന്ന സത്യത്തിലേക്കാണ് വിരല്‍ ചൂണ്ടാനാണ് സംവിധായകന്‍ മുന്നോട്ടുവന്നത്. അതുകൊണ്ട് തന്നെ പ്രേക്ഷകരില്‍ നിന്നും നല്ല രീതിയിലുള്ള പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
അതിനിടയിലാണ് മുസ്ലിം ലീഗിനെ മോശമാക്കി ഫേസ്ബുക്ക് പോസ്റ്റുമായി സുരാജ് രംഗത്തെത്തിയത്. ''സൗബിന്‍ നീ മജീദ് ആയി ജീവിക്കുകയായിരുന്നു. ഒരു നാടന്‍ മലപ്പുറം കാരനായി.. എന്താകൂടുതല്‍ പറയാ.. സ്‌നേഹം ആഘോഷമാക്കുന്ന ഒരു സിനിമ... എല്ലാരുടെയും മികച്ച പെര്‍ഫോമന്‍സ്. ലീഗും കുഞ്ഞാലിക്കുട്ടിയും കോണി ചിഹ്നവും ഒന്നുമില്ലാത്ത കൊതിപ്പിക്കുന്ന യഥാര്‍ത്ഥ മലപ്പുറത്തിന്റെ ഭംഗി.. അങ്ങനെ എല്ലാം കൊണ്ടും ഒരു ആസ്വാദകന്റെ മനസ് നിറക്കുന്ന കണ്ണ് നിറക്കുന്ന ഒരു ബഹളവും ഇല്ലാത്ത കൊച്ചു ഗംഭീര സിനിമ''.
സുരാജിന്റെ പോസ്റ്റിന് പിന്നാലെ സോഷ്യല്‍മീഡിയയില്‍ വന്‍ പ്രതിഷേധമാണ് ഉണ്ടായത്. ഇതേതുടര്‍ന്ന് പോസ്റ്റില്‍ നിന്ന് ഈ പരാമര്‍ശം ഒഴിവാക്കുകയായിരുന്നു.

Post a Comment
0 Comments