Type Here to Get Search Results !

Bottom Ad

തളര്‍ത്താനാവില്ല ഈ പെണ്‍കരുത്തിനെ.. ആറുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം മലാല വീണ്ടും പാക് മണ്ണില്‍


കാബൂള്‍ (www.evisionnews.co): പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ഉന്നമനത്തിനായി വാദിച്ച മലാല യൂസുഫ് സായ് ആറുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം തന്റെ ജന്മനാടായ പാക് മണ്ണില്‍ കാലുകുത്തി. ഭീകരത നിറഞ്ഞാടുന്ന പാക് താഴ്വരയില്‍ അവള്‍ വീണ്ടുമെത്തില്ലന്നാണ് ലോകം വിചാരിച്ചത്. എന്നാല്‍ മുന്‍വിധിയെല്ലാം മറികടന്ന് അവള്‍ വീണ്ടുമെത്തി.

വ്യാഴാഴ്ച പുലര്‍ച്ചെ 1.30ഓടെയാണ് മലാല വിമാനം റാവല്‍പിണ്ടി ബേനസീര്‍ ഭൂട്ടോ രാജ്യാന്തര വിമാനത്താവളത്തിലെത്തിയത്. നാലുദിവസത്തെ സന്ദര്‍ശനത്തിനായാണ് മലാല പാകിസ്താനില്‍ എത്തിയത്. മാതാപിതാക്കള്‍ക്കൊപ്പമാണ് മലാല പാക്മണ്ണില്‍ വീണ്ടുമെത്തിയത്. സന്ദര്‍ശനത്തില്‍ പാക് പ്രധാനമന്ത്രി ഷഹീദ് കഖാന്‍ അബ്ബാസി, സൈനിക മേധാവി ഖമര്‍ ജാവേദ് ബജ്വ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. എന്നാല്‍ സുരക്ഷാ കാരണങ്ങളാല്‍ മലാലയുടെ സന്ദര്‍ശനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പാക് സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല.

താലിബാന്‍ ഭീകരരുടെ വെടിയേറ്റതിനു ശേഷം ലണ്ടനില്‍ താമസിച്ചുവരികയായിരുന്ന മലാലയും കുടുംബവും ആദ്യമായാണ് പാകിസ്താനിലേക്ക് വരുന്നത്. ഈ സന്ദര്‍ശനത്തില്‍ സ്വാത് താഴ്വരയിലുള്ള തന്റെ കുടുംബവീട്ടില്‍ മലാലയെത്തുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. 2012ലാണ് മലാലയ്ക്കു നേരെ താലിബാന്‍ തീവ്രവാദികളുടെ ആക്രമണം ഉണ്ടാവുന്നത്. സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ബസില്‍ വച്ചാണ് ഭീകരര്‍ മലാലയ്ക്കുനേരെ നിറയൊഴിക്കുന്നത്. മലാലയ്ക്ക് 14 വയസ്സുള്ളപ്പോഴായിരുന്നു ഈ ആക്രമണം. അശ്ലീലതയുടെ എത്രയും വേഗം അവസാനിപ്പിക്കേണ്ട അധ്യായം എന്നാണ് ഭീകരര്‍ മലാലയ്ക്ക് ചാര്‍ത്തിക്കൊടുത്ത പട്ടം. ഭീകരര്‍ക്കുമുന്നില്‍ മലാല നടത്തിയ ചെറുത്തുനില്‍പ്പിനെ പ്രകീര്‍ത്തിച്ച് 2014 ല്‍ സമാധാനത്തിനുള്ള നോബെല്‍ പുരസ്‌കാരം അവളെ തേടിയെത്തി. മലാലയുടെ ജന്മദിനമായ ജൂലൈ 12 മലാല ദിനമായാണ് ലോകം കൊണ്ടാടുന്നത്.

Post a Comment

0 Comments

Top Post Ad

Below Post Ad