Type Here to Get Search Results !

Bottom Ad

കോടതിയില്‍ മലക്കം മറിഞ്ഞു: നിയമസഭയിലെ കയ്യാങ്കളി കേസ് പിന്‍വലിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍


തിരുവനന്തപുരം (www.evisionnews.co): നിയമസഭയിലെ കയ്യാങ്കളി കേസ് പിന്‍വലിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍. മുന്‍ നിലപാടില്‍ നിന്നും സര്‍ക്കാര്‍ മലക്കം മറിഞ്ഞു. കേസ് പിന്‍വലിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ അഭിഭാഷകരന്‍ കോടതിയെ അറിയിച്ചു. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് ഇക്കാര്യം അറിയിച്ചത്. ഏപ്രില്‍ 21ന് കോടതിയില്‍ നേരിട്ട് ഹാജരാകാനും കോടതി നിര്‍ദ്ദേശിച്ചു. 

കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് കെ.എം മാണി ബജറ്റ് അവതരിപ്പിക്കുന്നതിനിടെയായിരുന്നു സംഭവം. ബാര്‍കോഴ വിഷയവുമായി ബന്ധപ്പെട്ടായിരുന്നു എല്‍.ഡി.എഫ് എം.എല്‍.എമാരുടെ നേതൃത്വത്തില്‍ അക്രമസംഭവങ്ങള്‍ നടത്തിയത്. പൊതുമുതല്‍ നശിപ്പിച്ചതുള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചാര്‍ത്തിയായിരുന്നു എം.എല്‍.എമാരായിരുന്ന ഇ.പി ജയരാജന്‍, വി ശിവന്‍കുട്ടി, കെ. അജിത്, കെ.ടി ജലീല്‍, കുഞ്ഞഹമ്മദ് മാസ്റ്റര്‍, സി.കെ സദാശിവന്‍ എന്നിവര്‍ക്കെതിരെ കന്റോണ്‍മെന്റ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. രണ്ടുലക്ഷം രൂപയുടെ പൊതുമുതല്‍ നശിപ്പിച്ചെന്ന് ആരോപിച്ചാണ് ആറ് ഇടതു എംഎല്‍എമാരെ പ്രതിയാക്കി തിരുവനന്തപുരം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം നല്‍കിയത്.

നിയമസഭയില്‍ എംഎല്‍എമാര്‍ തമ്മിലുണ്ടായ കയ്യാങ്കളിയുടെ കേസ് പിന്‍വലിക്കാന്‍ അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേരത്തെ വ്യക്തമാക്കിയിരുന്നു. എല്‍.ഡി.എഫ് സര്‍ക്കാരിന്റെ നീക്കം നിയമസഭയോടും ജനാധിപത്യത്തോടുമുള്ള വെല്ലുവിളിയാണെന്നും കേസ് പിന്‍വലിച്ചാല്‍ നിയമപരമായി നേരിടുമെന്നും ചെന്നിത്തല പറഞ്ഞിരുന്നു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad