Type Here to Get Search Results !

Bottom Ad

സോഷ്യല്‍ മീഡിയയുടെ ഇടപെടല്‍: ദുബൈയില്‍ കാണാതായ നീലേശ്വരം സ്വദേശിയെ കണ്ടെത്തി


കാസര്‍കോട് (www.evisionnews.co): ദുബൈയിലെ ജോലി സ്ഥലത്ത് നിന്നും കാണാതായ നീലേശ്വരം സ്വദേശിയായ യുവാവിനെ കണ്ടെത്തി. സമൂഹമാധ്യമങ്ങളുടെ ഇടപെടലിനെ തുടര്‍ന്നാണ് നീലേശ്വരത്തെ രാഹുലിനെ (26) വ്യഴാഴ്ച വൈകിട്ടോടെ ദുബൈയിലെ പാര്‍ക്കില്‍ കണ്ടെത്തിയത്. 

ദുബൈയില്‍ ഡ്രൈവറായ പാലക്കാട് ചെര്‍പുളശ്ശേരി സ്വദേശി അല്‍ബര്‍ഷ സൗത്തിലെ പാര്‍ക്കില്‍ അലഞ്ഞുതിരിയുന്നതായി കണ്ടെത്തിയത്. രണ്ടുദിവസമായി തണുപ്പു സഹിച്ച് പാര്‍ക്കില്‍ ചെലവഴിക്കുകയായിരുന്നു യുവാവ്. മുഷിഞ്ഞ വസ്ത്രങ്ങളിലായിരുന്ന രാഹുല്‍ ഭക്ഷണം കഴിച്ചിട്ടും കുളിച്ചിട്ടും നാളുകളായിരുന്നു. കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ ഇയാള്‍ പോലീസില്‍ വിവരം അറിയിക്കുകയും യുവാവിന്റെ വിഡിയോ ചിത്രീകരിച്ച് വിവരണം സഹിതം സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. എന്നാല്‍ പോലീസ് എത്തും മുമ്പെ യുവാവ് സ്ഥലം വിടുകയും ചെയ്തു. 

വിഡിയോ വൈറലായതോടെ രാഹുല്‍ പാര്‍ക്കില്‍ നിന്ന് അപ്രത്യക്ഷനായി. തുടര്‍ന്ന് വിഡിയോ ഷെയര്‍ ചെയ്ത ഉമര്‍, സാമൂഹിക പ്രവര്‍ത്തകനായ സിജു പന്തളം, പാര്‍ക്കിന്റെ സുരക്ഷാ ജീവനക്കാരന്‍ ഗംഗ എന്നിവരുടെ നേതൃത്വത്തില്‍ ബര്‍ഷ മേഖലയില്‍ നടത്തിയ അന്വേഷണത്തിലാണ് രാഹുലിനെ കണ്ടെത്തിയത്. ആദ്യം ഒപ്പം പോരാന്‍ വിസമ്മതിച്ചെങ്കിലും നിര്‍ബന്ധിച്ചപ്പോള്‍ സമ്മതിച്ചു. അടുത്തിടെയാണ് രാഹുലിന്റെ പിതാവ് മരിച്ചത്. അച്ഛനുമായി ഏറെ ആത്മബന്ധമുണ്ടായിരുന്ന രാഹുലിന് ഈ സമയത്ത് നാട്ടില്‍ പോകാന്‍ സാധിച്ചിരുന്നില്ല. ഇതേതുടര്‍ന്നുള്ള മനോവിഷമത്തിലാണ് രാഹുല്‍ കഴിഞ്ഞ മുപ്പതിന് ജോലി സ്ഥലത്ത് നിന്ന് ആരോടും പറയാതെ പോയത്. അന്നു മുതല്‍ രാഹുലിനെ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങളിലായിരുന്നു സുഹൃത്തുക്കള്‍. ബുധനാഴ്ച ഉച്ച മുതല്‍ സുഹൃത്തുക്കളും ബന്ധുക്കളും സാമൂഹിക പ്രവര്‍ത്തകരും രാഹുലിന് വേണ്ടി വ്യാപകമായ തിരച്ചില്‍ നടത്തി വരികയായിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad