Type Here to Get Search Results !

Bottom Ad

കേന്ദ്രസർവകലാശാല വിദ്യാനഗർ കാമ്പസിൽ ഗ്യാൻ ശില്‌പശാല സംഘടിപ്പിച്ചു

കാസർകോട്: (www.evisionnews.co)കേരള കേന്ദ്രസർവകലാശാല വിദ്യാനഗർ കാമ്പസിൽ ഇംഗ്ലീഷ് -താരതമ്യ സാഹിത്യവിഭാഗത്തിന്റെയും സെന്റർ ഫോർ തിയറി ആൻഡ് ക്രിട്ടിസിസത്തിന്റെയും ആഭിമുഖ്യത്തിൽ ഡിസംബർ 26 മുതൽ ആറു ദിവസം "സാഹിത്യവും സാമ്രാജ്യവും" എന്ന വിഷയത്തെ അധികരിച്ചു നടന്ന ഗ്യാൻ ശില്പശാല / കോഴ്‌സ് ഞായറാഴ്ച സമാപിച്ചു. കൊളംബിയ സര്‍വകലാശാല യിലെ (ന്യുയോര്‍ക്ക്) താരതമ്യസാഹിത്യവിഭാഗ അധ്യാപികയായ പ്രൊഫ. ഗൗരി വിശ്വനാഥന്‍ (ഡയറക്ടര്‍, ദക്ഷിണേഷ്യ ഇന്‍സ്റ്റിറ്റ്യൂട്ട്) ആയിരുന്നു കോഴ്സിന്‍റെ മുഖ്യ പ്രഭാഷക. "നിഗൂഡതയുടെ സംസ്കാരങ്ങൾ: സാഹിത്യഭാവനയും സാമ്രാജ്യവും " എന്ന വിഷയത്തിൽ നടത്തിയ പൊതുപ്രഭാഷണമടക്കം പതിനൊന്ന് പ്രഭാഷണങ്ങളും ചർച്ചകളും കോഴ്‌സിന്റെ ഭാഗമായി നടന്നു. "ഗ്യാൻ പോലെയുള്ള സംരംഭങ്ങൾ വിദ്യാഭ്യാസരംഗത്തെ അറിവ് ഉത്പാദനത്തിലും വിതരണത്തിലും പ്രമുഖ പഠന ഗവേഷണ കേന്ദ്രങ്ങൾക്കിടയിലുള്ള ശ്രേണീകൃത മേൽക്കോയ്മകളെയും അധികാരത്തെയും വികേന്ദ്രീകരിക്കുന്നതിനു സഹായകമാകുന്നുവെന്ന് പ്രൊഫ ഗൗരി വിശ്വനാഥൻ അഭിപ്രായപ്പെട്ടു. കേന്ദ്ര സര്‍വകലാശാല വൈസ് ചാൻസിലർ ജി ഗോപകുമാര്‍ , കേന്ദ്ര സര്‍വകലാശാല താരതമ്യ വകുപ്പ് മേധാവിയും കോഴ്സ് കോർഡിനേറ്ററുമായ ഡോ. പ്രസാദ് പന്ന്യന്‍, ഗ്യാൻ ലോക്കൽ കോർഡിനേറ്റർ ഡോ: രാജേന്ദ്രൻ പിലാങ്കട്ട എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ഭാഷാതാരതമ്യസാഹിത്യ വിഭാഗം ഡീൻ പ്രൊഫസർ അജിത്കുമാർ , വിദ്യാഭ്യാസവിഭാഗം ദീൻ പ്രൊഫ. സുരേഷ് ,ഡോ. ശാലിനി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.




കേരള ത്തിൽ നിന്നും ഇന്ത്യയുടെ ഇതര സംസ്ഥാനങ്ങളിൽ നിന്നുമായി തിരഞ്ഞെടുക്കപ്പെട്ട 22 അധ്യാപക/ വിദ്യാർത്ഥി / ഗവേഷക പ്രതിനിധികളാണ് കോഴ്‌സിൽ പങ്കെടുത്തത്. പത്തൊൻപത് - ഇരുപത് നൂറ്റാണ്ടുകളിലെഴുതപ്പെട്ട റുഡ്യാർഡ് കിപ്ലിങ്ങിന്റെ കിം, വിൽകി കോളിന്സിന്റെ മൂൺൺസ്‌റ്റോൺ, ആർതർ കോനൻ ഡോയൽ എഴുതിയ ദി സൈൻ ഓഫ് ഫോർ, റിച്ചാർഡ് മാർഷിന്റെ ദി ബീറ്റിൽ, ആർ. എൽ. സ്റ്റീവൻസൺ എഴുതിയ ഡോ . ജെകിൽ ആൻഡ് മി. ഹൈഡ്, റൈഡർ ഹഗ്ഗാർഡിന്റെ കിംഗ് സോളമൻസ് മൈൻസ്, ഷി എന്നീ ഇന്ഗ്ലീഷ് നോവലുകൾ ഉൾപ്പെടുത്തിയ ക്ലാസുകൾ സാഹിത്യവായനയിലും പഠനത്തിലും സൂക്ഷ്മ അപഗ്രഥനത്തിന്റെ പ്രാധാന്യവും ഗൗരവവും അടയാളപ്പെടുത്തുന്നതായിരുന്നു. 




കോഴ്സിന്റെ സമാപനച്ചടങ്ങിൽ ആദ്യമായി ഗ്യാൻ കോഴ്സ് കേരള കേന്ദ്ര സർവകലാശാലയിൽ നേടിയെടുത്തതിനും ഇത്തരത്തിലൊരു കോഴ്സ് വളരെ ഭംഗിയായും കാര്യക്ഷമമായും സഘടിപ്പിച്ചതിനും ഡോ: പ്രസാദ് പന്ന്യനെ പ്രൊഫ. ഗൗരി വിശ്വനാഥൻ അഭിനന്ദിച്ചു. രാജ്യത്തിന്റെ പല ഭാഗങ്ങളിൽ നിന്നായി പങ്കെടുത്ത 22 വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റ് വിതരണവും ഗൗരി വിശ്വനാഥൻ നിർവഹിച്ചു. 

Post a Comment

0 Comments

Top Post Ad

Below Post Ad