Type Here to Get Search Results !

Bottom Ad

അര്‍ധ അതിവേഗ റെയില്‍പാത: പ്രാഥമിക രൂപരേഖ സമര്‍പ്പിച്ചു


തിരുവനന്തപുരം : (www.evisionnews.co) കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ നിലവിലുള്ള റെയില്‍പാതയ്ക്കു മുകളിലൂടെ അര്‍ധ അതിവേഗ ഇരട്ട റെയില്‍പാത നിര്‍മിക്കാനുള്ള നിര്‍ദേശവുമായി കേരളം. 43,000 കോടിയോളം രൂപ ചെലവു പ്രതീക്ഷിക്കുന്ന പാതയുടെ പ്രാഥമിക രൂപരേഖ റെയില്‍വേ ബോര്‍ഡിനു സമര്‍പ്പിച്ചു. അടുത്ത വര്‍ഷത്തെ റെയില്‍വേ വികസന പദ്ധതികളെക്കുറിച്ചുള്ള ആസൂത്രണരേഖയായ പിങ്ക് ബുക്കില്‍ പദ്ധതി ഉള്‍പ്പെടുത്തുമെന്ന പ്രതീക്ഷയിലാണു സംസ്ഥാന സര്‍ക്കാര്‍. 

റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ അശ്വനി ലൊഹാനിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഒക്ടോബറില്‍ നടത്തിയ ചര്‍ച്ചയിലാണു പുതിയ ഇരട്ടപ്പാത നിര്‍ദേശം മുന്നോട്ടുവച്ചത്. 

പദ്ധതിക്കു തത്വത്തില്‍ അനുമതി നല്‍കിയ ചെയര്‍മാന്‍ ഡിസംബറില്‍ പ്രാഥമിക രൂപരേഖ സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചിരുന്നു. അടുത്ത വര്‍ഷത്തെ പിങ്ക് ബുക്കില്‍ പദ്ധതി ഉള്‍പ്പെടുത്താമെന്ന് അദ്ദേഹം ഉറപ്പു നല്‍കിയിരുന്നു. 

മൂന്നു നിര്‍ദേശങ്ങള്‍


റെയില്‍വേയുടെ പങ്കാളിത്തത്തോടെ തുടങ്ങിയ കേരള റെയില്‍വേ ഡവലപ്‌മെന്റ് കോര്‍പറേഷന്‍ വിദഗ്ധരുടെ നേതൃത്വത്തിലാണു പദ്ധതിയുടെ പ്രാഥമിക രൂപരേഖ തയാറാക്കിയത്. മൂന്നു നിര്‍ദേശങ്ങളാണു കേരളം സമര്‍പ്പിച്ചത്:

1. സമാന്തര ഇരട്ടപ്പാത: നിലവിലുള്ള ഇരട്ടപ്പാതയ്ക്കു സമാന്തരമായി പുതിയ ഇരട്ടപ്പാത. 560 കിലോമീറ്റര്‍ ദൂരം. ചെലവ് 23,000 കോടി രൂപ. പക്ഷേ, വളവുകളും കയറ്റിറക്കങ്ങളുമുള്ളതിനാല്‍ അര്‍ധ അതിവേഗപാത പൂര്‍ണമായി പ്രായോഗികമാകില്ല.

2. സമാന്തര ആകാശപ്പാത: നിലവിലുള്ള ഇരട്ടപ്പാതയ്ക്കു മുകളിലും പ്രായോഗികമല്ലാത്ത ഇടങ്ങളില്‍ സമാന്തരമായും കടന്നുപോകുന്ന ഇരട്ട റെയില്‍പാത. 560 കിലോമീറ്റര്‍ ദൂരം. ചെലവ് 43,000 കോടി രൂപ.

3. പുതിയ ആകാശപ്പാത: പൂര്‍ണമായി പുതിയ അലൈന്‍മെന്റില്‍ സ്ഥലമേറ്റെടുത്ത് താഴെ റോഡും തൂണുകള്‍ക്കു മുകളില്‍ ഇരട്ട റെയില്‍പാതയും നിര്‍മിക്കാനുള്ള പദ്ധതി. ചെലവ് 46,000 കോടി. സ്ഥലമെടുപ്പു വെല്ലുവിളിയാകും.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad