Type Here to Get Search Results !

Bottom Ad

കണ്ണൂരില്‍ പി.ജയരാജന്‍ തന്നെ ജില്ലാ സെക്രട്ടറി


കണ്ണൂര്‍ :  സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി പി.ജയരാജനെ വീണ്ടും തിരഞ്ഞെടുത്തു. വ്യക്തിപൂജ വിവാദത്തില്‍ സംസ്ഥാന സമിതിയുടെ വിമര്‍ശനമേറ്റു വാങ്ങിയിരുന്നെങ്കിലും ജില്ലയില്‍ തന്റെ ശക്തി തെളിയിച്ചാണ് ജയരാജന്‍ ജില്ലാ സെക്രട്ടറി സ്ഥാനത്ത് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.

സിപിഎം  ജില്ലാ സമ്മേളനത്തിന്റെ ആദ്യദിവസം നടന്ന ചര്‍ച്ചയില്‍ പങ്കെടുത്ത കൂത്തുപറമ്പ്, മട്ടന്നൂര്‍ ഏരിയകളില്‍ നിന്നുള്ള പ്രതിനിധികള്‍ പി.ജയരാജനെതിരെ സംസ്ഥാന സമിതി കൈകൊണ്ട നടപടി അനവസരത്തിലായെന്ന് അഭിപ്രായപ്പെട്ടിരുന്നു. പിന്നീട് നടന്ന പൊതുചര്‍ച്ചയില്‍ പി.ജയരാജനെ വിമര്‍ശിച്ചും ചില പ്രതിനിധികള്‍ രംഗത്തെത്തി. എന്നാല്‍ ഭൂരിപക്ഷം ജില്ലാ പ്രതിനിധികള്‍ ജയരാജനു പിന്നില്‍ ശക്തമായി നിലയുറപ്പിച്ചതോടെ ജയരാജന്‍ സെക്രട്ടറി പദവി തുടരാന്‍ കളമൊരുങ്ങുകയായിരുന്നു.

49 അംഗ ജില്ലാ കമ്മിറ്റിയെയും തിരഞ്ഞെടുത്തു. ഇതില്‍ ആറു പേര്‍ പുതുമുഖങ്ങളാണ്. ഡിവൈഎഫ്‌ഐ ജില്ലാസെക്രട്ടറി വി.കെ.സിനോജ് ജില്ലാകമ്മിറ്റിയില്‍ ഉള്‍പ്പെട്ടപ്പോള്‍ കെ.കുഞ്ഞപ്പ, പി.വാസുദേവന്‍ എന്നിവരെ ഒഴിവാക്കി. 2010 ഡിസംബറില്‍ പി.ശശി ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്നു പുറത്തായപ്പോഴാണു പി. ജയരാജന്‍ സെക്രട്ടറിയായി ചുമതലയേറ്റത്. 2012 ല്‍ പയ്യന്നൂരിലും 2015 ല്‍ കൂത്തുപറമ്പിലും നടന്ന ജില്ലാ സമ്മേളനങ്ങളില്‍ ജയരാജനെ വീണ്ടും ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തു. കിഴക്കേ കതിരൂര്‍ സ്വദേശിയായ പി. ജയരാജന്‍ കൂത്തുപറമ്പിനെ മൂന്നു തവണ നിയമസഭയില്‍ പ്രതിനിധീകരിച്ചിട്ടുണ്ട്. 2001 ല്‍ ആണ് ആദ്യജയം. ഈ തിരഞ്ഞെടുപ്പ് സുപ്രീം കോടതി റദ്ദാക്കിയെങ്കിലും 2005 ല്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 2006 ലും കൂത്തുപറമ്പില്‍ നിന്നു നിയമസഭയിലെത്തി.

പാര്‍ട്ടി കൂത്തുപറമ്പ് ഏരിയാ സെക്രട്ടറി, എസ്എഫ്ഐ ജില്ലാ സെക്രട്ടറി, സിപിഎം ജില്ലാ കൗണ്‍സില്‍ അംഗം, ദേശാഭിമാനി ജനറല്‍ മാനേജര്‍ തുടങ്ങിയ പദവികളും വഹിച്ചു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad