Type Here to Get Search Results !

Bottom Ad

മംഗളൂരു വിമാനത്താവളത്തില്‍ സന്ദര്‍ശകര്‍ക്ക് കടുത്ത നിയന്ത്രണം


മംഗളൂരു (www.evisionnews.co): യാത്രക്കാരെ സ്വീകരിക്കാനും യാത്രയയക്കാനും വിമാനത്താവളത്തിലെത്തുന്ന സന്ദര്‍ശകര്‍ക്ക് ഏര്‍പ്പെടുത്തിയ കര്‍ശന നിയന്ത്രണം പ്രതിഷേധത്തിനടയാക്കുന്നു. 75രൂപയുടെ പ്രവേശന പാസെടുത്ത് വിമാനത്താവളത്തിനകത്തേക്ക് കടക്കുന്നവര്‍ക്കുണ്ടായിരുന്ന സൗകര്യങ്ങളാണ് വെട്ടിച്ചുരുക്കിയത്. നേരത്തെ യാത്രയയക്കാന്‍ പോകുന്നവര്‍ക്കുണ്ടായിരുന്ന സ്ഥലസൗകര്യം പരിമിതപ്പെടുത്തിയതിന് പുറമെ ശൗചാലയം ഉപയോഗിക്കാനുള്ള അവസരവും നിഷേധിച്ചിരിക്കുകയാണ്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമൊപ്പം എത്തുന്നവര്‍ ഒരാള്‍ക്ക് 75രൂപ നല്‍കി സന്ദര്‍ശകര്‍ക്ക് കാത്തിരിക്കാനുള്ള സ്ഥലത്തേക്ക് കടന്നാല്‍ മൂന്നുമണിക്കൂര്‍ വരെ അവിടെ തങ്ങാന്‍ അനുമതിയുണ്ട്. 

എന്നാല്‍ അതിനകത്തെ ശൗചാലയം ഉപയോഗിക്കാന്‍ സന്ദര്‍ശകര്‍ക്ക് കഴിയില്ല. നേരത്തെ അതിനുള്ള സൗകര്യമുണ്ടായിരുന്നതാണ് ഇപ്പോള്‍ നിഷേധിച്ചത്. ശൗചാലയത്തില്‍ പോകേണ്ടി വന്നാല്‍ പുറത്തേക്കുവന്ന് അവിടെ പൊതുവെയുള്ള ശൗചാലയമാണ് ഉപയോഗിക്കേണ്ടത്. ഇതിന് പ്രത്യേകം കാശ് കൊടുക്കണമെന്ന് മാത്രമല്ല വീണ്ടും അകത്തുകടക്കണമെങ്കില്‍ ഒരിക്കല്‍ കൂടി 75രൂപ നല്‍കി പ്രവേശന പാസെടുക്കണം. മൂന്നുമണിക്കൂര്‍ വിമാനത്താവളത്തില്‍ തങ്ങാനുള്ള പാസെടുത്ത് അകത്തു കയറിയവര്‍ക്ക് പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കാനുള്ള സൗകര്യങ്ങള്‍ നിഷേധിക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണ്. ഇന്ത്യയില്‍ മറ്റേതൊരു വിമാനത്താവളത്തിലും സന്ദര്‍ശകര്‍ക്ക് ഇത്തരം സൗകര്യങ്ങള്‍ നിഷേധിക്കുകയോ പരിമിതപ്പെടുത്തുകയോ ചെയ്തിട്ടില്ല. 

മംഗലാപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മാത്രമാണ് യാത്രയയക്കാന്‍ എത്തുന്ന സന്ദര്‍ശകര്‍ പീഡിപ്പിക്കപ്പെടുന്നത്. മലയാളികളായ യാത്രക്കാര്‍ക്കെതിരെയുള്ള ചൂഷണങ്ങളും അവഗണനകളും ഉയരുന്നതിനിടയിലാണ് മംഗളൂരു വിമാനത്താവളത്തില്‍ ബന്ധുക്കളെയും മറ്റും യാത്രയാക്കാന്‍ വരുന്നവര്‍ക്ക് കര്‍ശനം നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതിനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്.

Post a Comment

0 Comments

Top Post Ad

Below Post Ad