Type Here to Get Search Results !

Bottom Ad

ലാലുവിന് മൂന്നരവര്‍ഷം തടവും അഞ്ച് ലക്ഷം പിഴയും


പട്‌ന: തൊണ്ണൂറുകളില്‍ അവിഭക്ത ബിഹാറില്‍ കാലിത്തീറ്റ, മരുന്നുകള്‍, ഉപകരണങ്ങള്‍ തുടങ്ങിയവ വാങ്ങിയെന്ന വ്യാജകണക്കുകള്‍ കാണിച്ച് മൃഗസംരക്ഷണവകുപ്പ് സംസ്ഥാന സര്‍ക്കാരിന്റെ ട്രഷറികളില്‍നിന്നായി 950 കോടി രൂപ പിന്‍വലിച്ചെന്നതാണ് കാലിത്തീറ്റ കുംഭകോണക്കേസ്.

1996-ല്‍ ജില്ലാ മജിസ്‌ട്രേറ്റായിരുന്ന അമിത് ഖാരെ ചായ്ബാസയിലെ മൃഗസംരക്ഷണവകുപ്പിന്റെ ഓഫീസുകളില്‍ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് വെളിച്ചത്തായത്. അന്ന് മുഖ്യമന്ത്രിയായിരുന്ന ലാലുപ്രസാദ് യാദവ്, മുന്‍ എം.എല്‍.എ.യും പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി ചെയര്‍മാനുമായ ജഗദീഷ് ശര്‍മ തുടങ്ങിയ ഉന്നതരാണ് കുംഭകോണത്തിന് പിന്നിലെന്ന് പിന്നീട് കണ്ടെത്തി.

കേസന്വേഷണം ലാലു സ്തംഭിപ്പിച്ചതായും കുറ്റപത്രത്തില്‍ പറയുന്നു. മൃഗസംരക്ഷണവകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് പ്രമോഷന്‍ നല്‍കുകയും സര്‍വീസ് കാലയളവ് നീട്ടിനല്‍കുകയും ചെയ്തതും ലാലുവാണ്.

രണ്ടായിരത്തില്‍ ബിഹാര്‍ വിഭജിച്ച് ജാര്‍ഖണ്ഡ് രൂപവത്കരിച്ചതിനുശേഷമാണ് കേസ് പട്‌നയില്‍നിന്ന് ജാര്‍ഖണ്ഡിന്റെ തലസ്ഥാനമായ റാഞ്ചിയിലേക്ക് മാറ്റിയത്. കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട് 53 കേസുകളാണ് ആകെയുണ്ടായിരുന്നത്. അഞ്ച് കേസുകളിലാണ് ലാലു പ്രതിചേര്‍ക്കപ്പെട്ടിരുന്നത്. മൂന്നെണ്ണംകൂടി തീര്‍പ്പാകാന്‍ ബാക്കിയുണ്ട്.

ആദ്യകേസില്‍ 2013 ഒക്ടോബറില്‍ ലാലുവിനെ കുറ്റക്കാരനായി കണ്ടെത്തി അഞ്ചുവര്‍ഷം ജയില്‍ശിക്ഷ വിധിച്ചു. ചായ്ബാസ (ഇന്ന് ജാര്‍ഖണ്ഡില്‍) ട്രഷറിയില്‍നിന്ന് 37.5 കോടി രൂപ അനധികൃതമായി പിന്‍വലിച്ചുവെന്നായിരുന്നു കേസ്. തടവുശിക്ഷയ്ക്കുപുറമേ 25 ലക്ഷംരൂപ പിഴയും അന്ന് വിധിച്ചിരുന്നു. കേസില്‍ സുപ്രീംകോടതി ലാലുവിന് ജാമ്യം നല്‍കി.

2014-ല്‍ ജാര്‍ഖണ്ഡ് ഹൈക്കോടതി മറ്റ് നാലുകേസുകളിലും ലാലുവിനെതിരായ വിചാരണ നിര്‍ത്തിവെച്ചിരുന്നു. ഒരു കേസില്‍ കുറ്റക്കാരനെന്ന് വിധിക്കപ്പെട്ട വ്യക്തിയുടെപേരില്‍ അതേ കേസിലെ സാക്ഷികളുടെയും തെളിവുകളുടെയും അടിസ്ഥാനത്തില്‍ മറ്റു സമാന കേസുകളുമായി മുന്നോട്ടു പോവാനാവില്ലെന്നാണ് കോടതി അതിന് കാരണമായി പറഞ്ഞത്. എന്നാല്‍, ഈ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. പ്രതിചേര്‍ക്കപ്പെട്ട എല്ലാ കേസുകളിലും ലാലുവിന്റെ പേരില്‍ വിചാരണ തുടരാമെന്ന് അന്ന് സുപ്രീംകോടതി വ്യക്തമാക്കി.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad