തിരുവനന്തപുരം:(www.evisionnews.co) പുതുച്ചേരി വാഹന രജിസ്ട്രേഷന്‍ തട്ടിപ്പ് കേസില്‍ നടി അമല പോളിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. വ്യാജ അഡ്രസ് അല്ലെന്നും നികുതി വെട്ടിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും അമല പോള്‍ മൊഴി നല്‍കി. ക്രൈംബ്രാഞ്ച് എസ്പി എ സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അമലയെ ഒരു മണിക്കൂര്‍ ചോദ്യം ചെയ്തത്.ജനുവരി ഒമ്ബതിന് അമലയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിച്ച ഹൈക്കോടതി ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശിക്കുകയായിരുന്നു. ജനുവരി 15 ന് മൂന്ന് മണിക്കൂര്‍ ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ചിന് കോടതി അനുമതി നല്‍കി. തുടര്‍ന്നാണ് ഇന്ന് ചോദ്യം ചെയ്തിരിക്കുന്നത്. അമലയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി കോടതി പിന്നീട് പരിഗണിക്കാനായി മാറ്റിവെച്ചിരിക്കുകയാണ്.
മൂന്നുവര്‍ഷമായി പുതുച്ചേരിയില്‍ താമസിക്കുകയാണെന്നും നികുതി വെട്ടിക്കാന്‍ ഉദ്ദേശിച്ചില്ലെന്നും അമല പോള്‍ മൊഴി നല്‍കി. തന്റെ ഓഫീസാണ് രജിസ്ട്രേഷനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചെയ്തെന്നാണ് അമല പോള്‍ അന്വേഷണ സംഘത്തിന് നല്‍കിയിരിക്കുന്ന മൊഴി. കേസിലെ ക്രൈംബ്രാഞ്ച് കണ്ടെത്തലും അമല പോളിന്റെ മൊഴിയും ഉടന്‍ തന്നെ അന്വേഷണ സംഘം കോടതിയ്ക്ക് കൈമാറും.
2017 ഓഗസ്റ്റില്‍ അമല പോള്‍ വാങ്ങിയ ആഡംബരക്കാര്‍ പുതുച്ചേരിയിലെ വ്യാജ മേല്‍വിലാസത്തിലാണ് രജിസ്റ്റര്‍ ചെയ്തതെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. 20 ലക്ഷം രൂപയുടെ നികുതി വെട്ടിപ്പിനും വ്യാജരേഖ ചമയ്ക്കലിനുമാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്. ആദ്യം മോട്ടോര്‍ വാഹന വകുപ്പും പിന്നീട് ക്രൈംബ്രാഞ്ചും വിശദീകരണം തേടിയെങ്കിലും അമല പോള്‍ അന്വേഷണത്തോട് സഹകരിച്ചിരുന്നില്ല. ഒടുവില്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കാടതിയെ സമീപിച്ചപ്പോള്‍ മൂന്ന് മണിക്കൂറത്തെ ചോദ്യം ചെയ്യലിന് വിധേയയാകാന്‍ നിര്‍ദേശിക്കുകയായിരുന്നു.
സമാനമായ കേസില്‍ ഇന്ന് നടനും എംപിയുമായ സുരേഷ് ഗോപിയെ ക്രൈംബ്രാഞ്ച് അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. നേരത്തെ ഡിസംബര്‍ 25 ന് നടന്‍ ഫഹദ് ഫാസിലിനെയും അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചിരുന്നു.
Post a Comment
0 Comments